Image

13കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; അടിയന്തര റിപ്പോർട്ട് തേടി വൈദ്യുതി മന്ത്രി

Published on 15 November, 2026
 13കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; അടിയന്തര റിപ്പോർട്ട് തേടി വൈദ്യുതി മന്ത്രി

മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുതി ലൈനിന്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 13-കാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അപകടത്തെക്കുറിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി ചീഫ് എൻജിനീയറോട് മന്ത്രി ആവശ്യപ്പെട്ടു. റിപ്പോർട്ട് പരിശോധിച്ച ശേഷം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

കൂടാതെ, മരിച്ച കുട്ടിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാനും കെഎസ്ഇബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

രാവിലെ സുഹൃത്തുക്കളോടൊപ്പം വയലിൽ നിൽക്കുന്നതിനിടെയാണ് ചെറുമുക്ക് സ്വദേശിയായ ജുനൈദിന് (14) സ്റ്റേ വയറിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വെന്നിയൂർ കെഎസ്ഇബി സെക്ഷൻ പരിധിയിലാണ് അപകടമുണ്ടായത്. സ്റ്റേ വയറിലെ അപകടാവസ്ഥയെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും കെഎസ്ഇബി അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക