Image

ലഡാക്കിൽ വീണ്ടും സംഘർഷം: സോനം വാങ്ചുക്ക് 60 ദിവസത്തേക്ക് വീട്ടുതടങ്കലിൽ; നടപടി അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടെന്ന് വാങ്ചുക്ക്

Published on 15 November, 2026
ലഡാക്കിൽ വീണ്ടും സംഘർഷം: സോനം വാങ്ചുക്ക് 60 ദിവസത്തേക്ക് വീട്ടുതടങ്കലിൽ; നടപടി അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടെന്ന് വാങ്ചുക്ക്

ലഡാക്കിലെ കാലാവസ്ഥാ പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്കിനെ 60 ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കി. ലേ അഡീഷണൽ ജില്ലാ മജിസ്ട്രേട്ടാണ് ബിഎൻഎസ്എസ് 163-ാം വകുപ്പ് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസംബർ നാലിന് ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ ലഡാക്കിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുൻകരുതൽ നടപടിയെന്നോണം പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ നടപടി ഉണ്ടായിരിക്കുന്നത്. പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.

ശൈത്യകാലത്ത് തിടുക്കത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെയും കഴിഞ്ഞ വർഷത്തെ കൊലപാതകങ്ങളെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് വൈകുന്നതിനെതിരെയും വാങ്ചുക്ക് രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി. തന്റെ വീടിന് ചുറ്റും പോലീസുകാർ നിലയുറപ്പിച്ചിട്ടുണ്ടെന്നും പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ‘ഞാന്‍ വീട്ടുതടങ്കലിലാണ്. ഡസന്‍ കണക്കിന് സായുധ സേനക്കാര്‍ എന്റെ വീട് വളഞ്ഞിരിക്കുന്നു. വീട്ടില്‍ തന്നെ കഴിയാന്‍ എന്നോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലേയിലെ കഴിഞ്ഞ വര്‍ഷത്തെ കൊലപാതകങ്ങളെക്കുറിച്ചുള്ള ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് വൈകുന്നു? മധ്യശൈത്യകാലത്ത് ഇത്തരമൊരു കപട കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണ്? ഇത്തരം അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടാണ് വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ലഡാക്ക് മുഴുവന്‍ പ്രതിഷേധത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജുഡീഷ്യറിയുള്ള രാജ്യത്ത് എന്റെ എക്‌സ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് റീച്ച് എന്നിവ തടസ്സപ്പെടുത്തപ്പെട്ടിരിക്കുന്നു. ദയവായി ഈ സന്ദേശം പങ്കുവെക്കാന്‍ സഹായിക്കുക.’- വാങ്ചുക്കിന്റെ പോസ്റ്റില്‍ പറയുന്നു.

2019-ൽ ലഡാക്ക് കേന്ദ്രഭരണ പ്രദേശമായ ശേഷമുള്ള ആദ്യത്തെ വലിയ തിരഞ്ഞെടുപ്പാണ് ഡിസംബർ നാലിന് നടക്കാനിരിക്കുന്ന എട്ട് സ്വയംഭരണ ഹിൽ ഡെവലപ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ്. നവംബർ 17 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. എന്നാൽ കടുത്ത ശൈത്യകാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ലേയിലെ ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക