Image

ഐപിഎൽ സ്ഥാപകൻ ലളിത് മോദിക്ക് ബ്രിട്ടീഷ് പൗരത്വം

Published on 15 November, 2026
ഐപിഎൽ സ്ഥാപകൻ ലളിത് മോദിക്ക് ബ്രിട്ടീഷ് പൗരത്വം

ലണ്ടൻ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സ്ഥാപകൻ ലളിത് മോദിക്ക് ബ്രിട്ടീഷ് പൗരത്വം. ലളിത് മോദി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വർഷങ്ങളായി താമസിക്കുന്ന യുകെ തനിക്ക് വീട് പോലെയാണെന്നും അവിടത്തെ പൗരത്വം ലഭിച്ചത് അഭിമാനകരമായ നേട്ടമാണെന്നും ലളിത് മോദി എക്സിൽ കുറിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടനിലെ ടൗൺ ഹാളിൽ നടന്ന പൗരത്വദാന ചടങ്ങിന്‍റെ ചിത്രങ്ങൾ പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഓക്സ്ഫഡ് യൂണിയനിൽ നടത്തിയ പ്രസംഗത്തിനിടെ ഈ വ്യക്തിപരമായ സന്തോഷം പരസ്യമായി പങ്കുവയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്ലിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് 2010 മേയിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ലളിത് മോദി ഇന്ത്യ വിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) നൽകിയ സമൻസുകൾക്ക് മറുപടി നൽകാത്തതിനെ തുടർന്ന് 2015ൽ പ്രത്യേക കോടതി അദ്ദേഹത്തിനെതിരേ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

അതേസമയം, ദക്ഷിണാഫ്രിക്കയിൽ നടന്ന ഐപിഎല്ലിന്‍റെ 2009 പതിപ്പുമായി ബന്ധപ്പെട്ട മറ്റൊരു വിദേശനാണ്യ വിനിമയ ചട്ടലംഘന (ഫെമ) കേസിൽ ലളിത് മോദിക്കെതിരേ ചുമത്തിയ പിഴ ഈ വർഷം ജൂലൈയിൽ അപ്പലേറ്റ് ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. തന്നെ 'കുറ്റവാളിയായി ഒളിവിൽ കഴിയുന്നയാൾ' (ഫ്യൂജിറ്റീവ്) എന്ന് വിശേഷിപ്പിക്കുന്നതിനെ ലളിത് മോദി ശക്തമായി എതിർത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക