
കൊല്ലം അഞ്ചാലുംമൂടിലെ എസ്ര ഗ്ലോബൽ ട്രാവൽസിന്റെ വിസ തട്ടിപ്പിനിരയായ ശക്തികുളങ്ങര സ്വദേശി സൈജു ഹെൻറി പീറ്റർ (39) ജീവനൊടുക്കി. വിസയ്ക്കായി ഏജൻസിക്ക് അഞ്ച് ലക്ഷം രൂപ നൽകിയ സൈജുവിന് കനത്ത സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നു. എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് മരണം.
സംഭവത്തിൽ ദുരൂഹ മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ എസ്ര ട്രാവൽ ഏജൻസി ഉടമ മേരി ലോപ്പസ്, സി.ഇ.ഒ അരുൺ എന്നിവരെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ചണ്ഡിഗഡിൽ നിന്ന് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നായി 7 ലക്ഷം രൂപ വരെയാണ് പ്രതികൾ വാങ്ങിയിരുന്നത്.
കുരീപ്പുഴ ബൈപാസിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന്റെ പേരിൽ മാത്രം ഏകദേശം 4.5 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കഴിഞ്ഞ മാസം 26-ന് പോലീസ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ഒളിവിൽ പോയ പ്രതികളെ മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. മേരി ലോപ്പസിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. അതേസമയം, സി.ഇ.ഒ അരുണിനെതിരെ തെളിവുകൾ ലഭിക്കാത്തതിനാൽ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.