Image

ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളല്ല, ഡി.ജെ സംഗീതം ഒരു തൊഴിലാണ്, അതിനെ മോശമായി പൊതുവൽകരിക്കരുത്: രാത്രിജീവിതം നിരോധിക്കാൻ സാധിക്കുമോയെന്നും ഹൈക്കോടതി

Published on 16 November, 2026
ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളല്ല, ഡി.ജെ സംഗീതം ഒരു തൊഴിലാണ്,  അതിനെ മോശമായി പൊതുവൽകരിക്കരുത്: രാത്രിജീവിതം നിരോധിക്കാൻ സാധിക്കുമോയെന്നും  ഹൈക്കോടതി

കൊച്ചി: ഡി.ജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്നും അവയെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന ധാരണ വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ട് കേൾക്കാനോ പാടില്ലെന്ന് പറയാൻ കഴിയുമോയെന്നും, ഡി.ജെ പാർട്ടികളെ മാത്രം എന്തിനാണ് ഇത്തരത്തിൽ ലക്ഷ്യമിടുന്നതെന്നും കോടതി ചോദിച്ചു.

രാത്രിജീവിതം തന്നെ പൂർണ്ണമായി നിരോധിക്കാനാകുമോയെന്ന് ആരാഞ്ഞ കോടതി, ഹോട്ടലുകളിൽ മദ്യവിൽപ്പനയ്ക്ക് എതിർപ്പില്ലാതിരിക്കെ ഡി.ജെ പാർട്ടികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിലെ യുക്തിയെയും ചോദ്യം ചെയ്തു. ഡി.ജെ സംഗീതം ഒരു തൊഴിലാണെന്നും അതിനെ മോശമായി പൊതുവൽക്കരിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു. അതേസമയം, മയക്കുമരുന്നിനോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും നിയമലംഘനങ്ങൾ ഉണ്ടായാൽ കർശന നടപടിയെടുക്കണമെന്നും വ്യക്തമാക്കിയ കോടതി, പാർട്ടികൾ നിരീക്ഷിക്കുന്നതിനായി പൊലീസിനെ വിന്യസിക്കാമെന്നും നിർദ്ദേശിച്ചു.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പിന്നിലെ നിയമപരമായ അടിസ്ഥാനം വ്യക്തമാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഡി.ജെ പാർട്ടികൾക്കടക്കം നിയന്ത്രണമേർപ്പെടുത്തിയ കൊച്ചി സിറ്റി പൊലീസിന്റെ നോട്ടീസുകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ വിശദവാദം കേൾക്കുകയായിരുന്നു ഹൈക്കോടതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക