
തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്കെത്തിയ പോലീസുകാർക്ക് നേരെ മഹീന്ദ്ര ഥാർ ഇടിച്ചുകയറ്റി. സംഭവത്തിൽ ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപു രാജിന്റെ കൈ ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ നാലുപേർക്ക് പരിക്കേറ്റതായാണ് വിവരം.
സംശയകരമായി എത്തിയ ഥാർ രണ്ട് പോലീസുകാർ തടഞ്ഞുനിർത്തി പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം ഇവർക്കുനേരെ ഇടിച്ചുകയറ്റിയത്. പോലീസുകാരുടെ ബൈക്കിന് മുകളിലൂടെ വാഹനം ഓടിച്ചുകയറ്റിയെന്നും ഒരാൾ ബൈക്കിൽനിന്ന് ചാടി രക്ഷപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് പിടികൂടി.
തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗർ സ്വദേശി രതീഷ്, കാസർകോട് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.