Image

പരമോന്നത നീതിന്യായ പദവിയിൽ തുടരാൻ യോഗ്യനല്ലന്ന് ചീഫ് ജസ്റ്റിസിനെതിരെ പരാമർശം; അഭിഭാഷകനെ കോടതിമുറിയിൽ നിന്ന് പുറത്താക്കി

Published on 16 November, 2026
പരമോന്നത നീതിന്യായ പദവിയിൽ തുടരാൻ യോഗ്യനല്ലന്ന്  ചീഫ് ജസ്റ്റിസിനെതിരെ പരാമർശം; അഭിഭാഷകനെ കോടതിമുറിയിൽ നിന്ന് പുറത്താക്കി

ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയ അഭിഭാഷകനെ കോടതിമുറിയിൽ നിന്ന് പുറത്താക്കി. അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ അഭിഭാഷകൻ ചീഫ് ജസ്റ്റിസിന് സത്യസന്ധതയില്ലെന്നും രാജ്യത്തെ പരമോന്നത നീതിന്യായ പദവിയിൽ തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നും ആരോപിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് കോടതിയിലെ നടപടികളുടെ ഓഡിയോ-വീഡിയോ സംപ്രേഷണം താൽക്കാലികമായി നിർത്തിവച്ചു.

നവംബർ രണ്ടിന് ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ സമർപ്പിച്ച കേസിൽ 15 ദിവസമായിട്ടും മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ അടിയന്തര പരിഗണന ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരം കാര്യങ്ങൾ കോടതിയിൽ ഉന്നയിക്കാനാകില്ലെന്ന് ജസ്റ്റിസ് വി. മോഹന വ്യക്തമാക്കിയിട്ടും അഭിഭാഷകൻ ആവശ്യം തുടർന്നു. രേഖകൾ പരിശോധിക്കാമെന്നും അൽപ്പസമയം കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ അദ്ദേഹം വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. ‘നിങ്ങൾക്ക് ആ കസേരയിൽ ഇരിക്കാൻ അർഹതയില്ല, അതിനുള്ള സത്യസന്ധത നിങ്ങൾക്കില്ല’ എന്നായിരുന്നു അഭിഭാഷകന്റെ പരാമർശം.

പ്രതികരണം രൂക്ഷമായതോടെ അഭിഭാഷകനെ കോടതിമുറിയിൽ നിന്ന് പുറത്താക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ഇതേ അഭിഭാഷകൻ ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നതായും അതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികൾ നേരിട്ടിരുന്നതായും ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കി. ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാരോട് ബഹുമാനമുണ്ടെന്ന് പറഞ്ഞ അഭിഭാഷകൻ, ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക