
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. കേസിലെ ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. കൊലപാതകം നടന്ന് 18 വർഷങ്ങൾക്ക് ശേഷമാണ് ഈ നിർണ്ണായക കോടതി വിധി പുറത്തുവരുന്നത്. വിധി പ്രഖ്യാപനത്തിന് പിന്നാലെ കോടതിക്ക് സമീപം ബി.ജെ.പി. പ്രവർത്തകർ പടക്കം പൊട്ടിച്ച് സന്തോഷം പ്രകടിപ്പിച്ചു.
കേസിലെ 11 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റക്കാരാണെന്ന് വിധിച്ചതിനെ തുടർന്ന് കോടതി വളപ്പിൽ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ തടിച്ചുകൂടിയത് ചെറിയ തോതിലുള്ള സംഘർഷത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിൽ, ശിക്ഷാ വിധി പ്രസ്താവത്തോടനുബന്ധിച്ച് കോടതി പരിസരത്തും നഗരത്തിലും പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
2008 ഒക്ടോബർ 17-ന് പുലർച്ചെ 5:15-നായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. മണ്ണന്തലയിലെ ഒരു ബേക്കറിയിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിനെ, രണ്ട് കാറുകളിലും ബൈക്കിലുമായെത്തിയ അക്രമി സംഘം വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു