
കൊച്ചി: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും അന്വേഷണം. സിബിഐയുടെ പ്രത്യേക സംഘമാണ് പുനരന്വേഷണം നടത്തുന്നത്. നേരത്തെ ബാലഭാസ്‌കറിന്റെ പിതാവ് നൽകിയ ഹർജി ശരിവച്ചുകൊണ്ട് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പോലീസും സിബിഐയും സമർപ്പിച്ച അപകടമരണമെന്ന റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ബാലഭാസ്‌കറിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണ സംഘം അപകടം നടന്ന സ്ഥലം നേരിട്ട് സന്ദർശിക്കുകയും ബാലഭാസ്‌കറിന്റെ മാതാപിതാക്കളിൽ നിന്ന് വിശദമായി മൊഴിയെടുക്കുകയും ചെയ്‌തിട്ടുണ്ട്. നിലവിൽ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്ന അന്വേഷണ സംഘം, പിതാവിന്റെ പരാതിയിൽ പറയുന്ന വ്യക്തികൾക്ക് നോട്ടീസ് നൽകി വിളിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ബാലഭാസ്‌കറിനോട് പെട്ടെന്ന് തൃശൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്താൻ ഒരു സംവിധായകൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ സംവിധായകൻ വാർത്ത നിഷേധിക്കുകയാണ് ചെയ്‌തത്. ഇത് കൂടി മുന്നിൽ നിർത്തിയാവും കൊച്ചി സിബിഐ അഴിമതി നിരോധന യൂണിറ്റിലെ എസ്‌പി വി ദേവരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിഷയം പരിശോധിക്കുക എന്നാണ് ലഭ്യമായ വിവരം.
അതേസമയം നേരത്തെ കേസ് കൈകാര്യം ചെയ്‌ത രീതി ചൂണ്ടിക്കാട്ടി സിബിഐയെ കടുത്ത ഭാഷയിൽ ഹൈക്കോടതി വിമർശിച്ചിരുന്നു. മുൻ ഉത്തരവിൽ തിരിച്ചറിഞ്ഞ സംശയാസ്‌പദമായ സാഹചര്യങ്ങൾ ശരിയായി പരിശോധിക്കാതെ, ആകസ്‌മികവും ഫലപ്രദമല്ലാത്തതുമായ രീതിയിലാണ് ഏജൻസി മുമ്പത്തെ അന്വേഷണം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്‌റ്റിസ് ജി ഗിരീഷ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്