
ന്യൂഡൽഹി: 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര സർക്കാർ. ബുധനാഴ്ച സുപ്രീം കോടതിയിലാണ് കേന്ദ്രം നിർണയക വിവരം പങ്കുവച്ചത്. അപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും കേന്ദ്രം അഭ്യർഥിച്ചു.
260 പേരുടെ മരണത്തിനിടയാക്കിയ 2025 ജൂണിലെ എയർ ഇന്ത്യ വിമാനാപകടത്തിലെ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അന്വേഷണത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. കേസ് പരിഗണിക്കുന്നത് രണ്ടോ മൂന്നോ ആഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.
രണ്ടാഴ്ചയ്ക്ക് ശേഷം വിഷയം പരിഗണിക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചു. എയർ ഇന്ത്യ വിമാനത്തിന്റെ ക്യാപ്റ്റൻ സുമീത് സഭർവാളിന്റെ പിതാവ് പുഷ്കർ രാജ് സഭർവാൾ സമർപ്പിച്ച ഹർജിയിലാണ് വാദം നടന്നത്. അപകടത്തെക്കുറിച്ച് പ്രത്യേകവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.അന്തിമ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കേസിൽ എത്രയും വേഗം വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു.
2026 ഒക്ടോബർ ആദ്യവാരത്തോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആ സമയപരിധി കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.