
എറണാകുളം: കണ്ണൂരിലെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ കോളിളക്കം സൃഷ്‌ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ പതിനാല് വർഷങ്ങൾക്ക് ശേഷം വിചാരണ കോടതി നാളെ വിധി പ്രസ്‌താവിക്കും. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ സുപ്രധാന കേസിൽ വിധി പറയുന്നത്. വിചാരണ നേരിട്ട 31 പ്രതികൾക്കെതിരെയുള്ള വിധിയാണ് നാളെ പ്രഖ്യാപിക്കുക.
പ്രതികൾ കുറ്റക്കാരാണോയെന്ന വിധി പ്രസ്‌താവമാണ് നാളെ നടത്തുക. കുറ്റക്കാരെന്ന് കണ്ടെത്തുന്ന പ്രതികളുടെ ശിക്ഷാവിധിയിൽ വാദം നടത്തി , മറ്റൊരു ദിവസമായിരിക്കും ശിക്ഷ വിധിക്കുക. കേസിൽ ഉൾപ്പെട്ട പ്രതികൾക്കെല്ലാം നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്.
ഷുക്കൂറിനെ കൊലപ്പെടുത്താൻ സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ കേസിൽ 32-ാം പ്രതിയും, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്. കേസ് അന്വേഷിച്ച സിബിഐ ആണ് പി. ജയരാജനെയും ടി.വി. രാജേഷിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇരുവർക്കുമെതിരെ കൊലപാതക ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്.
ആകെ 33 പ്രതികളാണുള്ളത്. ഇതിൽ രണ്ടുപേർ മരിച്ചതിനാൽ 31 പ്രതികളാണ് വിചാരണ നേരിട്ടത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും വിചാരണ നടപടികൾക്കും ഒടുവിലാണ് കേസ് ഇപ്പോൾ നിർണായക ഘട്ടത്തിലേക്ക് എത്തിനിൽക്കുന്നത്. സിബിഐ കോടതിയുടെ വിധി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് ഇടയാക്കുമെന്നതിനാർ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും നാളത്തെ കോടതി വിധിയെ നോക്കിക്കാണുന്നത്.