
ന്യൂഡൽഹി: പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന പരാതിയിൽ ഡൽഹി കോടതി പൊലീസിനോട് ആക്ഷൻ ടേക്കൺ റിപ്പോർട്ട് തേടി.1983-ൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ സോണിയ ഗാന്ധിയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് പരാതി.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എസിജെഎം) വിനോദ് ജോഷിയാണ് പൊലീസിനോട് റിപ്പോർട്ട് തേടിയത്.സെഷൻസ് കോടതിയുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. സോണിയ ഗാന്ധിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാൻ വിസമ്മതിച്ച മജിസ്ട്രേറ്റിന്‍റെ നേരത്തെയുള്ള ഉത്തരവ് സെപ്റ്റംബർ 21-ന് സെഷൻസ് കോടതി റദ്ദാക്കുകയും വിഷയം പുതിയ പരിഗണനയ്ക്കായി തിരിച്ചയക്കുകയും ചെയ്തിരുന്നു.
സെഷൻസ് കോടതിയുടെ ഉത്തരവ് ഉദ്ധരിച്ച് മജിസ്ട്രേറ്റ് പറഞ്ഞു, "എസിജെഎം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നിന്നും ബന്ധപ്പെട്ട പോലീസ് ഓഫീസറിൽ നിന്നോ അധികാരികളിൽ നിന്നോ പരാതിയിൽ സ്റ്റാറ്റസ് റിപ്പോർട്ട് വിളിച്ചുവരുത്തണം.""ബിഎൻഎസ്എസ് സെക്ഷൻ 175(3) പ്രകാരം കർശനമായി പാലിച്ചുകൊണ്ട് നടപടികൾ നടത്തണം. ഉചിതമായ അന്വേഷണം നടത്തുകയും ഉത്തരവുകൾ രേഖപ്പെടുത്തുന്നതിന് മുമ്പ് പോലീസ് ഓഫീസറുടെ വാദങ്ങൾ കേൾക്കുകയും വേണം" എന്നും റിവിഷണൽ കോടതി നിർദേശിച്ചതായി മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി.