Image

അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

Published on 19 November, 2026
 അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികൾക്ക് കൊച്ചിയിലെ സിബിഐ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസിൽ ആകെ 13 പേരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇതിൽ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിച്ച മറ്റ് ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അതേസമയം, സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരുൾപ്പെടെ 18 പേരെ കോടതി കുറ്റവിമുക്തരാക്കി വെറുതെ വിട്ടു.

ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി എ.വി. അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ.പി. ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവരെയാണ് കൊലക്കുറ്റം തെളിഞ്ഞതിനെത്തുടർന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പതിനാലാം പ്രതി രാധാകൃഷ്ണൻ, പതിനാറാം പ്രതി സജിത്, ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനൻ, ഇരുപത്തിയാറാം പ്രതി പുരുഷോത്തമൻ, ഇരുപത്തിയേഴാം പ്രതി അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

2012 ഫെബ്രുവരി 12-നാണ് തളിപ്പറമ്പ് ചുള്ളിയോട് വയലിൽ വെച്ച് എംഎസ്എഫ് പ്രവർത്തകനായിരുന്ന അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെയും എംഎൽഎയായിരുന്ന ടി.വി. രാജേഷിന്റെയും വാഹനവ്യൂഹം മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിച്ചതിന് പ്രതികാരമായാണ് കൊലപാതകം നടന്നതെന്നാണ് കേസ്. 

ഷുക്കൂർ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവെച്ച ശേഷം ഫോട്ടോ എസ്എംഎസ് വഴി അയച്ചുനൽകി ആളെ ഉറപ്പിച്ച ശേഷമായിരുന്നു ആക്രമണമെന്നും, സംഭവസ്ഥലത്ത് വെച്ച് തന്നെ ഷുക്കൂർ മരിച്ചെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക