
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഫുട്‌വെയർ വ്യാപാര-വ്യവസായ മേഖലയ്ക്ക് പുതിയ ഉണർവേകാൻ കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ .ആർ . എഫ് .എ) സംഘടിപ്പിക്കുന്ന 'സൗത്ത് ഇന്ത്യ ഫുട്‌വെയർ എക്‌സ്‌പോ 2026' 21 നും 22 നും കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും.
കേരളത്തിന്റെ കച്ചവട പാരമ്പര്യത്തിന് പേരുകേട്ട കോഴിക്കോടിനെ വാണിജ്യരംഗത്തെ പുതിയ മുന്നേറ്റങ്ങളുടെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ ഫുട്‌വെയർ പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരത്തിലധികം വ്യാപാരികളും വ്യവസായ പ്രമുഖരും സന്ദർശകരും മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ 250-ലധികം പ്രമുഖ ഫുട്‌വെയർ ബ്രാൻഡുകളുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും ഡിസൈനുകളും വിപണിയിലെ നൂതന ട്രെൻഡുകളും മേളയിൽ പരിചയപ്പെടുത്തും. പുതിയ മോഡലുകളുടെയും സാങ്കേതികവിദ്യകളുടെയും ലോഞ്ചിംഗും എക്‌സ്‌പോയുടെ ഭാഗമായി നടക്കും.
ഫുട്‌വെയർ വ്യാപാര മേഖലയിലെ പുതിയ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി പ്രത്യേക സെഷനുകളും സംവാദങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യാപാര-വ്യവസായ രംഗത്തെ 30-ലധികം പ്രമുഖ പ്രഭാഷകരും നൂറിലധികം വ്യവസായ വിദഗ്ധരും വിവിധ സെഷനുകളിൽ പങ്കെടുക്കും.
ഫുട്‌വെയർ മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങൾ പരിചയപ്പെടുത്തുക, വ്യാപാരികളും നിർമാതാക്കളും വിതരണക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് എക്‌സ്‌പോയുടെ പ്രധാന ലക്ഷ്യങ്ങൾ. ദക്ഷിണേന്ത്യയിലെ ഫുട്‌വെയർ വ്യാപാര മേഖലയിലെ പ്രമുഖ സംഗമമായി മേള മാറുമെന്നും അവർ പറഞ്ഞു.
21-ന് രാവിലെ 11 ന് പി.കെ. കുഞ്ഞാലിക്കുട്ടി എക്സ്പോയും 12 മണിക്ക് വ്യാപാരി കൺവെൻഷൻ എം.കെ. രാഘവൻ എം.പിയും ഉദ്ഘാടനം ചെയ്യും. എം എൽ എമാരായ പി.എ. മുഹമ്മദ് റിയാസ് .എ, കെ. ജയന്ത് , അഡ്വ. ഫൈസൽ ബാബു, പി എം എ സമീർ . മേയർ ഒ. സദാശിവൻ എന്നിവർ സംസാരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മുഹമ്മദ് കോയ, കേരള ഫുട്‌വെയർ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ. സലിം (കൊല്ലം) തുടങ്ങിയ വ്യാപാര-വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
22-ന് നടക്കുന്ന സമാപന സമ്മേളനം പ്രവീൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വ്യാപാരികളുടെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും പുതിയ വിപണനസാധ്യതകൾ കണ്ടെത്തുന്നതിനും ലക്ഷ്യമിടുന്ന ഈ പ്രദർശനം കേരളത്തിലെ ഫുട്‌വെയർ വ്യാപാരമേഖലയ്ക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കേരളത്തിലെ മുഴുവൻ ഫുട്‌വെയർ വ്യാപാരികളെയും അനുബന്ധ മേഖലകളിലുള്ളവരെയും സൗത്ത് ഇന്ത്യൻ ഫുട്‌വെയർ എക്സ്പോയിലേക്ക് കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു.
സംസ്ഥാന പ്രസിഡൻ്റ് ടി. നൗഷൽ തലശ്ശേരി ,ജന. സെക്രട്ടറി കെ സി അൻവർ വയനാട് , ട്രഷറർ ടിപ്പ് ടോപ്പ് ജലീൽ ആലപ്പുഴ, ഷാജുദ്ധീൻ മെട്രൻസ് , മുജീബ് റഹ്‌മാൻ മലപ്പുറം, സവാദ് പയ്യന്നൂർ എന്നിവർ അറിയിച്ചു.