
തിരുവനന്തപുരം: കോട്ടുകാൽ പയറ്റുവിളയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരേതനായ വിജുവിന്റെയും ശോഭനയുടെയും മകൻ ശരൺ (26) ആണ് മരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. അമ്മയും സഹോദരനും വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.
രാത്രിയോടെ വീട്ടിലെത്തിയ അമ്മയും സഹോദരനും മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാരുടെ സഹായത്തോടെ പൂട്ട് തകർത്തു വീടിനുള്ളിൽ പ്രവേശിച്ചു. അപ്പോഴാണ് സൺഷെയ്ഡിലെ ക്ലാമ്പിൽ തൂങ്ങിനിൽക്കുന്ന നിലയിൽ ശരണിന്റെ മൃതദേഹം കണ്ടെത്തിയത്. തോർത്തുപയോഗിച്ച് കൈകൾ പിന്നിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയെങ്കിലും പോലീസ് പരിശോധനയിലും പോസ്റ്റുമോർട്ടത്തിലും തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ശരണിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിവരികയാണ്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് വിഴിഞ്ഞം പോലീസ് അറിയിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)