
കൊച്ചി: തൃശ്ശൂര്‍ ഏങ്ങണ്ടിയൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ഇത്തിക്കാട്ട് ധനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷത്തിനുശേഷം പ്രതികളിലൊരാള്‍ പിടിയില്‍. കൊലപാതകത്തിനു പിന്നാലെ വിദേശത്തേക്കുകടന്ന പ്രതിയായ രാഗേഷ് ഉണ്ണിക്കൊച്ചനെ ഇന്റര്‍പോളിന്റെ സഹായത്തോടെ യു.എ.ഇ.യില്‍നിന്നാണ് പിടികൂടിയത്. ഇന്ത്യക്ക് കൈമാറിയ പ്രതിയെ യു.എ.ഇ.യില്‍നിന്ന് കേരള പോലീസിന്റെ സംഘം തിരുവനന്തപുരത്തെത്തിച്ചു.
ഏങ്ങണ്ടിയൂര്‍ തിരുമംഗലം ക്ഷേത്രത്തിനുസമീപം 2008 ഓക്ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. വൈകീട്ട് ആറുമണിയോടെ കാറിലും ബൈക്കിലുമെത്തിയ സംഘം ധനീഷിനെ മഴുവും വടിവാളും വാളും ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2006-ല്‍ ഏങ്ങണ്ടിയൂരിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന സുജിത്ത് കൊല്ലപ്പെട്ട കേസില്‍ ഒന്നാംപ്രതിയായിരുന്നു ധനീഷ്. ആ കേസില്‍ വിചാരണ നടക്കവേയായിരുന്നു ധനീഷിനെ കൊലപ്പെടുത്തിയത്.
സംഭവത്തിനുശേഷം രണ്ടു പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നു. ധനീഷ് കൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുന്‍പുമാത്രം നാട്ടിലെത്തിയ ഈ രണ്ടുപേരും സംഭവം നടന്നതിന്റെ തൊട്ടടുത്തദിവസം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതിലൊരാളാണ് ഇപ്പോള്‍ അറസ്റ്റിലായ രാഗേഷ് ഉണ്ണിക്കൊച്ചന്‍. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള പോലീസ് വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിരുന്നു.
തുടര്‍ന്ന് സി.ബി.ഐ. ഇയാള്‍ക്കെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. കേസ് അന്വേഷിച്ച പോലീസ് രാഗേഷിനെതിരേ കുറ്റപത്രം സമര്‍പ്പിക്കുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതടക്കമുള്ള വിവരങ്ങള്‍ സി.ബി.ഐ.യില്‍ നിന്ന് ഇന്റര്‍പോളിലേക്ക് കൈമാറി. തുടര്‍ന്ന് രാഗേഷ് എവിടെയാണുള്ളതെന്ന് കണ്ടെത്തി യു.എ.ഇ. അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.