
മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയയാളെ 116 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് മൂവാറ്റുപുഴ പോക്‌സോ കോടതി. 6,85,000 രൂപ പിഴയും ഒടുക്കണം. മൂവാറ്റുപുഴ പെരിങ്ങഴ പരപ്പനാട്ട് വീട്ടില്‍ മണിയപ്പനെ (50) യാണ് പോക്‌സോ സ്‌പെഷ്യല്‍ ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്. മൂവാറ്റുപുഴ പോക്‌സോ കോടതി നല്‍കുന്ന ഏറ്റവും കൂടിയ കാലത്തെ തടവുശിക്ഷയാണിത്. മറ്റൊരു കേസില്‍ 80 വര്‍ഷം തടവ് വിധിച്ചിരുന്നു.
2018 മുതല്‍ 2024 വരെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഏഴാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ആറുവര്‍ഷം നിരന്തര പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടി അവിടത്തെ കൗണ്‍സലറോടാണ് വിവരങ്ങള്‍ പറഞ്ഞത്. കൗണ്‍സലര്‍ മൂവാറ്റുപുഴ പോലീസിനെ അറിയിച്ചതിനേത്തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ എസ്.എന്‍. സുമിതയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട നിരന്തരപീഡനത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവന്നത്.
തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ഉണ്ണികൃഷ്ണന്‍, ബേസില്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്‍. ജമുന ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ ലെയ്‌സണ്‍ ഓഫീസര്‍ ലേഖ പി. സുരേഷാണ് ഏകോപിപ്പിച്ചത്.