Image

കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; എട്ടാം ക്ലാസുകാരന്റെ തലയ്ക്ക് കല്ലുകൊണ്ടടിയേറ്റു, ഗുരുതര പരിക്ക്

Published on 20 November, 2026
 കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; എട്ടാം ക്ലാസുകാരന്റെ തലയ്ക്ക് കല്ലുകൊണ്ടടിയേറ്റു, ഗുരുതര പരിക്ക്

കണ്ണൂര്‍: പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ടും ഒന്‍പതും ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് വൈകീട്ട് സ്‌കൂള്‍ വിട്ട സമയത്ത് സംഘം ചേര്‍ന്ന് അടിപിടിയുണ്ടായത്. സംഘര്‍ഷത്തിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ നടത്തിയ ആക്രമണത്തില്‍ എട്ടാം ക്ലാസുകാരന്റെ തലയ്ക്ക് വലിയ കല്ലുകൊണ്ട് അടിയേല്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

വൈകീട്ട് സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ നിസ്സാര വാക്കുതര്‍ക്കമാണ് പിന്നീട് സ്‌കൂളിന് പുറത്ത് വലിയ രീതിയിലുള്ള അടിപിടിയിലേക്ക് വഴിമാറിയത്. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മാളിന്റെയും ബൈപ്പാസ് റോഡിന്റെയും ഇടയിലുള്ള വഴിയുടെ ഭാഗത്തു വെച്ചായിരുന്നു സംഘര്‍ഷം. അടിപിടിക്കിടെ എട്ടാം ക്ലാസിലെ ചില കുട്ടികള്‍ സമീപത്തുള്ള വീടുകളിലേക്ക് പോയി. എന്നാല്‍ പരിക്കേറ്റ കുട്ടി ഒന്‍പതാം ക്ലാസുകാരുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വലിയ കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റത്.

സംഭവം കണ്ടയുടന്‍ പ്രദേശവാസികളും നാട്ടുകാരും ഓടിയെത്തിയാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം പാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ഉടന്‍തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പ്രദേശത്ത് ഇത്രയും ഗൗരവമുള്ള സംഘര്‍ഷം ആദ്യമായിട്ടാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌കൂളില്‍ അടിയന്തരമായി പിടിഎ മീറ്റിങ് വിളിച്ച് വിഷയത്തിന്റെ ഗൗരവം വിലയിരുത്തണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് പാനൂര്‍ പോലീസ് 
സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക