
കോവളം: ബെംഗളൂരൂവിലുണ്ടായിരുന്ന പതിനാറുകാരിയെ ഗൂഢാലോചനയുടെ ഭാഗമായാണ് കോവളത്തെ സ്പാകളില്‍ എത്തിച്ചതെന്ന് കേസിലെ രണ്ടും മൂന്നും ഏഴും പ്രതികള്‍ എസ്.ഐ.ടിക്ക് മുമ്പാകെ കുറ്റസമ്മതം നടത്തി. പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ജെല്ലാഗോപി, സ്പാകളുടെയും ഹോംസ്റ്റേയുടെയും നടത്തിപ്പുകാരായ സജിത്ത് കുമാര്‍, നിഷാന്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനുരൂപ്, വി.സി.മായ, കുട്ടിയെ കോവളത്ത് എത്തിക്കുന്നതിന് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച കൃഷ്ണവേണി എന്നിവരെ വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങി എസ്.ഐ.ടി ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്തിരുന്നു.
സജിത്ത് കുമാറും കേസിലെ ഒന്നാംപ്രതിയായ കുട്ടിയുടെ മാതൃസഹോദരി, ഭര്‍ത്താവ് ജെല്ലാഗോപി, കൃഷ്ണവേണി എന്നിവരാണ് ഗൂഢാലോചന നടത്തി കുട്ടിയെ ബെംഗളുരൂവില്‍നിന്ന് കഴിഞ്ഞ ജൂണില്‍ കോവളത്തുളള സജിത്തിന്റെ ആയൂര്‍കേരള എന്ന സ്പായിലെത്തിച്ചതെന്നും ചോദ്യംചെയ്യലില്‍ പറഞ്ഞു.
16-കാരിയായ കുട്ടിയുടെ ആധാര്‍കാര്‍ഡ് തിരുത്തി 20 വയസാക്കിയത് താനാണെന്ന് കുട്ടിയുടെ മാതൃസഹോദരി ഭര്‍ത്താവായ ജെല്ലാഗോപിയും കുറ്റസമ്മതം നടത്തി. ഇയാളുടെ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തായിരുന്നു വ്യാജമായി ആധാര്‍കാര്‍ഡ് നിര്‍മ്മിച്ചത്. പകര്‍പ്പ് എടുത്തശേഷം അതിന്റെ വിശദാംശങ്ങളും നശിപ്പിച്ചുവെന്ന് ജെല്ലാഗോപി പറഞ്ഞു. സ്പായിലെ യുവാവുമായി ഒളിച്ചോടിപ്പോയതിനെ തുടര്‍ന്ന് കുട്ടിയുടെ മാത്യസഹോദരിയും ഭര്‍ത്താവും കോവളം എസ്.എച്ച്.ഒയ്ക്കും കോടതിയിലും സമര്‍പ്പിച്ചത് ഈ വ്യാജ ആധാര്‍കാര്‍ഡായിരുന്നു.
കുട്ടിക്ക് 20 വയസായെന്ന് വരുത്തിത്തീര്‍ക്കാന്‍ ഡ്രീംസ് എന്ന സ്പായില്‍വെച്ച് ബോധപൂര്‍വ്വം ജന്മദിനപാര്‍ട്ടിയും നടത്തിയെന്നും പ്രതികള്‍ സമ്മതിച്ചു. ഇതേത്തുടര്‍ന്ന് കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്ന് എസ്.ഐ.ടി മേധാവിയും കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ എസ്.ചന്ദ്രകുമാര്‍ പറഞ്ഞു.