
കൊച്ചി: കേരളത്തില്‍ നികുതിവരുമാനം വര്‍ധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ഗീബല്‍സിയന്‍ ശൈലിയാണെന്ന് എംഎല്‍എയും മുന്‍ ധനകാര്യ മന്ത്രിയുമായ കെ.എന്‍. ബാലഗോപാല്‍. പൂ അറിയാതെ വണ്ട് തേന്‍ കുടിക്കുന്നതുപോലെ ഖജനാവിലേക്ക് പണമെത്തിച്ചെന്ന വാദം ശിക്കാരി ശംഭുവിന്റെ കഥകളെ ഓര്‍മിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനത്ത് നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടാകാന്‍ നാല് പ്രധാന കാരണങ്ങളാണുള്ളതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു.
കെ.എന്‍. ബാലഗോപാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എത്ര പൊളിഞ്ഞുവീണാലും ഒരേ കള്ളം ആവര്‍ത്തിക്കുക എന്ന ഗീബല്‍സിന്റെ ശൈലിയാണ് കേരള മുഖ്യമന്ത്രിയുടേത്. അദ്ദേഹത്തിന്റെ ഇടപെടല്‍ കൊണ്ട് കേരളത്തില്‍ നികുതി വരുമാനം വര്‍ധിച്ചുവത്രേ പൂ പോലും അറിയാതെ വണ്ട് തേന്‍ കുടിക്കുന്നത് പോലെ അദ്ദേഹം കേരളത്തിന്റെ ഖജനാവിലേക്ക് പണം എത്തിച്ചുവത്രേ! എങ്ങനെയാണ് ആളുകള്‍ക്ക് ഇങ്ങനെ നുണകള്‍ അടിച്ചുവിടാന്‍ കഴിയുക? ഏതായാലും അദ്ദേഹത്തെ സമ്മതിക്കാതിരിക്കാന്‍ കഴിയില്ല! ശിക്കാരി ശംഭുവിന്റെ കഥയാണ് മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഓര്‍മ വരുന്നത്. ഒക്ടോബറില്‍ കേരളത്തിന്റെ നികുതി വരുമാനം വര്‍ധിച്ചത് ചുവടെ പറയുന്ന നാല് കാരണങ്ങള്‍ കൊണ്ടാണ്.
1) ലോട്ടറിയുടെ മേലുള്ള നികുതി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനം ആയി ജിഎസ്ടി കൗണ്‍സില്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ലഭിച്ച അധികനികുതി വരുമാനം. സംസ്ഥാന ഖജനാവിന് പ്രയോജനം ഇല്ലെങ്കിലും ആകെ നികുതി വരുമാനത്തില്‍ ഈ വര്‍ദ്ധനവ് പ്രതിഫലിക്കും.
2) കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐജിഎസ്ടി വരുമാനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പരാതികള്‍ കണക്കിലെടുത്ത് ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന വരുമാനത്തില്‍ ജിഎസ്ടി കൗണ്‍സില്‍ വരുത്തിയ മാറ്റങ്ങളെ തുടര്‍ന്ന് ഒക്ടോബര്‍ മാസത്തില്‍ അധികമായി ലഭിച്ച വരുമാനം.
3) എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി തെറ്റായി 600 കോടിയുടെ ഇന്‍പുട്ട് ക്രെഡിറ്റ് എടുത്തത് മൂലമുണ്ടായ ഒറ്റത്തവണ വര്‍ദ്ധനവ്.
4) രാജ്യമാകെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും സമ്പദ് വ്യവസ്ഥയുടെ ഉണര്‍വിന്റെ ഭാഗമായി നികുതി വരുമാനത്തില്‍ സംഭവിച്ച വലിയ വര്‍ധനവും സംസ്ഥാനത്ത് നിലനില്‍ക്കുന്ന അസാധാരണമായ വിലക്കയറ്റത്തെ തുടര്‍ന്ന് സ്വാഭാവികമായി ഉണ്ടായ നികുതി വര്‍ധനവും.
മേല്‍പ്പറഞ്ഞ നികുതി വരുമാന വര്‍ധനവുകളില്‍ സംസ്ഥാനത്ത് വിലക്കയറ്റം സൃഷ്ടിച്ചതിലൊഴികെ മറ്റൊന്നിലും വി.ഡി.സതീശന്‍ സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല. ആറുമാസമായി സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കാനുതകുന്ന ഒരു നടപടിയും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ വകുപ്പോ സ്വീകരിച്ചിട്ടുമില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ സ്വീകരിച്ചുവന്ന നടപടികളുടെ ഭാഗമായി കേരളത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ ക്രമാനുഗതമായ വളര്‍ച്ച ഇപ്പോഴും
തുടരുന്നുണ്ട് എന്നുമാത്രം.
പ്രതിപക്ഷ നേതാവായിരിക്കെ സതീശന്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താന്‍വേണ്ടി തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ചെയ്യും എന്നു പറഞ്ഞിരുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്.
1) വി.ഡി.സതീശന്റെ പഴയ പ്രസ്താവന സ്വര്‍ണത്തില്‍ നിന്നും ലഭിക്കുന്ന നികുതി വരുമാനത്തില്‍ വലിയ ചോര്‍ച്ചയുണ്ടാകുന്നുണ്ട്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സത്വര നടപടികളിലൂടെ സ്വര്‍ണ്ണക്കച്ചവടത്തില്‍ നിന്നുമാത്രം ആയിരക്കണക്കിന് കോടി രൂപ നികുതിയായി ഖജനാവിലേക്ക് മുതല്‍ക്കൂട്ടും.
ഇപ്പോഴത്തെ അവസ്ഥ
സ്വര്‍ണവില കഴിഞ്ഞ ആറുമാസം കൊണ്ട് വലിയ നിലയില്‍ വര്‍ധിച്ചിട്ടും സ്വര്‍ണത്തില്‍ നിന്നും മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചിരുന്നതിനേക്കാള്‍ കാര്യമായ ഒരു വര്‍ദ്ധനവും ഉണ്ടായിട്ടില്ല.
2) വി.ഡി.സതീശന്റെ പഴയ പ്രസ്താവന
ഐജിഎസ്ടി ഇനത്തില്‍ സംസ്ഥാനത്തിന് ലഭിക്കാനുള്ളത് വലിയ തുകയാണ്. സംസ്ഥാനം രേഖകള്‍ സമര്‍പ്പിക്കാത്തതുകൊണ്ടാണ് അത് ലഭിക്കാതിരിക്കുന്നത്. അത് നേടിയെടുക്കും.
ഇപ്പോഴത്തെ അവസ്ഥ
ഐജിഎസ്ടിയുമായി ബന്ധപ്പെട്ട് നാളിതുവരെ എന്തെങ്കിലും നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി കാണുന്നില്ല. മുന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ സെറ്റില്‍ ചെയ്തു കിട്ടിയ പണമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
3) വി.ഡി.സതീശന്റെ പഴയ പ്രസ്താവന
സംസ്ഥാനത്ത് കിട്ടാക്കടമായി ആയിരക്കണക്കിന് കോടി രൂപയുടെ നികുതി കുടിശ്ശിക നിലനില്‍ക്കുന്നു. ആയത് മാസങ്ങള്‍ക്കുള്ളില്‍ പിരിച്ചെടുക്കും.
ഇപ്പോഴത്തെ അവസ്ഥ
കേരള സംസ്ഥാനം രൂപീകൃതമായ കാലം മുതലിങ്ങോട്ടുള്ള നികുതി കുടിശ്ശിക സംബന്ധിച്ച് ആരോ എഴുതി നല്‍കിയ അബദ്ധമാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഭരണത്തില്‍ എത്തിയപ്പോഴാണ് അതൊന്നും പറഞ്ഞതു പോലെ എളുപ്പമുള്ള കാര്യമല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായത്. ഇപ്പോള്‍ അവയെക്കുറിച്ചൊന്നും മുഖ്യമന്ത്രി മിണ്ടാറില്ല.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ക്രിയാത്മകമായ ഒരു നടപടിയും ആറുമാസത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. 2.4 ലക്ഷം കോടി രൂപയുടെ സംസ്ഥാന ബജറ്റ് 2.28 ലക്ഷം കോടി രൂപയുടേതാക്കി സതീശന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായ പദ്ധതിയും യുവാക്കള്‍ക്കുള്ള കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പും നിര്‍ത്തലാക്കി. സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും ഏതാണ്ട് പൂര്‍ണമായും സ്തംഭനാവസ്ഥയിലാണ്. ഇതാണ് വസ്തുത.