Image

മയിൽപ്പീലി കേസില്‍ സർക്കാരിന് തിരിച്ചടി; പരീക്ഷയ്‌ക്ക് ഹൈക്കോടതിയുടെ അനുമതി

Published on 20 November, 2026
മയിൽപ്പീലി കേസില്‍ സർക്കാരിന് തിരിച്ചടി; പരീക്ഷയ്‌ക്ക്  ഹൈക്കോടതിയുടെ അനുമതി

എറണാകുളം: മയിൽപ്പീലി യംഗ്‌ സ്കോളർഷിപ്പ് പരീക്ഷ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. പരീക്ഷ നടത്താൻ ഹൈക്കോടതി അനുമതി നൽകി. മറ്റന്നാൾ നടക്കേണ്ട ജില്ലാതല പരീക്ഷകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ പരീക്ഷാ ഫലം പ്രഖ്യാപിക്കാനോ, തുടർ പരീക്ഷകൾ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വിഷയം ഹൈക്കോടതി വീണ്ടും പരിശോധിക്കും.

പരീക്ഷാ അനുമതി പിൻവലിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻടിയു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. നേരത്തെ നൽകിയ പരീക്ഷ അനുമതി നവംബർ 14ന് സർക്കാർ പിൻവലിച്ച നടപടിയെ ചോദ്യം ചെയ്‌ത് അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്താണ് ഹൈക്കോടതിയെ സമീപിച്ചത്.

സ്വാഭാവിക നീതിയുടെ നിഷേധമാണ് സംഭവിച്ചതെന്നും പരീക്ഷാ അനുമതി പിൻവലിച്ചതിൽ കാരണം ബോധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. വിദ്യാർഥികളടക്കം പരീക്ഷയ്ക്ക് തയ്യാറായിരുന്നു, ചില പരീക്ഷാഘട്ടം നടക്കുകയും ചെയ്‌തിരുന്നതായി ഹർജിക്കാർ സർക്കാരിനോട് ചോദ്യമുന്നയിച്ചിരുന്നു. സെപ്റ്റംബർ മാസം നൽകിയ പരീക്ഷാ അനുമതി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നൽകുകയും നവംബർ 14ന് അനുമതി പിൻവലിക്കുകയും ചെയ്‌തു.

സ്‌കൂൾ തലത്തിൽ നാല് ലക്ഷത്തിലധികം പേരെഴുതിയ പരീക്ഷാ സബ് ജില്ലാ തലം കഴിഞ്ഞപ്പോഴാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി പിൻവലിച്ചത്. ചില ദിശകളിൽ നിന്നുയർന്നു വന്ന പരാതികളെന്നു പറയുന്നുണ്ടെങ്കിലും ഇതിനൊന്നും അടിസ്ഥാനമില്ലെന്നും വിവിധ സംഘടനകളുടെയടക്കം സ്കോളർഷിപ്പ് പരീക്ഷകൾക്ക് അനുമതി കൊടുക്കാറുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.

സ്കോളർഷിപ്പ് - മത്സരപ്പരീക്ഷകൾക്ക് പൊതുവായ മാനദണ്ഡം നിശ്ചയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇന്ന് പരിഗണിച്ച് ഹർജിയിൽ അനുമതി നൽകാനും പിൻവലിക്കാനും വിദ്യാഭ്യാസ വകുപ്പിന് അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പരീക്ഷയ്ക്ക് എല്ലാ തയ്യാറെടുപ്പും നടത്തിയ ശേഷം അനുമതി പിൻവലിച്ചതിലാണ് പ്രശ്‌നമെന്നും ഹൈക്കോടതി വ്യക്തമാക്കി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക