
ഇംഗ്ലീഷ് മാസം ഒന്നാം തീയതി മദ്യവിൽപ്പന വിലക്കുന്ന ഡ്രൈ ഡേയ്ക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ. ഡ്രൈ ഡേ ടൂറിസം മേഖലയ്ക്ക് എതിരെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മാസത്തിലെ ആദ്യ ദിവസം മദ്യവിലക്ക് എന്ന നിയമം കേരളത്തിലെ വ്യാവസായിക വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകുമെന്ന് ടൂറിസം മന്ത്രി പിസി വിഷ്ണുനാഥും സൂചിപ്പിച്ചിരുന്നു.
അമ്പതിനായിരം രൂപ ഫീസടച്ച് ടൂറിസം മേഖലയിൽ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുവദിക്കുന്നതിനെയും മുഖ്യമന്ത്രി വിമർശിച്ചു. നവംബർ 19 നു നടന്ന ധനകാര്യ സബ്ജക്ട് കമ്മിറ്റിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഇപ്പോൾ തന്നെ ഒന്നാം തിയതിയിൽ ടൂറിസം മേഖലയ്ക്ക് ഇളവുണ്ട്. നിശ്ചിത ഫീസടച്ച് വിവിധ ഇവന്റുകളിൽ മദ്യം വിളമ്പാനുള്ള ഒരു ചട്ട ഭേദഗതി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം 50000 രൂപയാണ് ബാറുടമകൾ എക്സൈസിൽ അടക്കേണ്ടത്. എന്തിനാണ് 50000 രൂപ ഈടാക്കുന്നത് എന്ന ചോദ്യമാണ് നിയമസഭയിലെ സബ്ജറ്റ് കമ്മിറ്റി യോഗത്തിൽ ഇന്നലെ മുഖ്യമന്ത്രി ഉന്നയിച്ചത്.
കഴിഞ്ഞ 23 വർഷമായി സംസ്ഥാനത്ത് എല്ലാ ഇംഗ്ലീഷ് മാസത്തിലെയും ഒന്നാം തീയതി മദ്യം ലഭിക്കാത്ത ഡ്രൈ ഡേ ആണ്. ശമ്പള ദിവസവുമായി ബന്ധപ്പെടുത്തി എ കെ ആന്റണി സർക്കാർ 2003-ലാണ് സംസ്ഥാനത്ത് ഒന്നാം തീയതി ഡ്രൈ ഡേ പ്രാബല്യത്തിൽ വന്നത്. ശമ്പളം കിട്ടുന്ന ദിവസം തന്നെ ജീവനക്കാർ അത് മദ്യപാനത്തിന് ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഈ പരിഷ്ക്കരണം.
എന്തായാലും 2002–03 കാലത്ത് 1,468.16 കോടി ആയിരുന്ന മദ്യക്കച്ചവടം 2025–26 കാലം ആയപ്പോൾ 21,130.78 കോടി ആയി ഉയർന്നു.