Image

കാലടി സർവകലാശാലയിൽ ഡിഗ്രി പാസ്സാകാത്തവർക്ക് പിജിക്ക് പ്രവേശനമെന്ന് കണ്ടെത്തൽ

Published on 21 November, 2026
കാലടി സർവകലാശാലയിൽ ഡിഗ്രി പാസ്സാകാത്തവർക്ക് പിജിക്ക് പ്രവേശനമെന്ന് കണ്ടെത്തൽ

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ബിരുദ പരീക്ഷ പാസാകാത്ത വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നൽകിയതായി ഓഡിറ്റ് റിപ്പോർട്ട്. 2017ലും 2021ലും ഡിഗ്രി പാസാകാത്ത വിദ്യാർഥികൾക്ക് പിജി പ്രവേശനം ലഭിച്ചതായാണ് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ സർവകലാശാലയോട് വിശദീകരണം തേടിയിട്ടുണ്ട്. അനധികൃത പ്രവേശനങ്ങളിൽ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചാൻസലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി.

2014–17 കാലയളവിൽ സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ ബിഎ പഠിച്ച വിദ്യാർഥിനിക്ക് 2017ൽ അതേ ക്യാംപസിൽ എംഎ പ്രവേശനം ലഭിച്ചു. 2019ൽ എംഎ വിജയിക്കുകയും ചെയ്തു. എന്നാൽ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്ന ഘട്ടത്തിലാണ് ബിഎയ്ക്ക് പാസ് മാർക്ക് ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയതെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. അഞ്ചാം സെമസ്റ്ററിലെ എല്ലാ വിഷയങ്ങൾക്കും പരാജയപ്പെട്ട വിദ്യാർഥിനി പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

സമാനമായി 2001ൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സിന് പ്രവേശനം നേടിയ വിദ്യാർഥിക്ക് 2021ൽ എംഎഫ്എയ്ക്ക് പ്രവേശനം ലഭിച്ചു. ഡിഗ്രി പരീക്ഷയിൽ പരാജയപ്പെട്ട ഒൻപത് വിദ്യാർഥികളിൽ ഒരാളായിരുന്നു ഇയാൾ. സർട്ടിഫിക്കറ്റ് നൽകുന്ന സമയത്താണ് ബിരുദം പാസായിട്ടില്ലെന്ന കാര്യം കണ്ടെത്തിയതെന്നും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക