
പാറ്റ്ന: പ്രതിപക്ഷ വിമർശനങ്ങൾക്കിടയിൽ ബിഹാറിലെ വൈശാലി ജില്ലയിൽ ഗംഗാ നദിക്ക് കുറുകെ നിർമ്മിച്ച ആറുവരിപ്പാതയായ ' നിതീഷ് സേതു ' പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനോടുള്ള ആദരസൂചകമായാണ് പാലത്തിന് ഈ പേര് നൽകിയിരിക്കുന്നത്. നിതീഷിന്റെ ഭരണകാലത്താണ് ഈ പദ്ധതി വിഭാവനം ചെയ്തതും പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിച്ചതും.
അതെസമയം ജീവിച്ചിരിക്കുന്ന ഒരു നേതാവിന്റെ പേര് പാലത്തിന് നൽകിയ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പ്രധാനമന്ത്രിക്കെതിരെയും രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഒരു വർഷവും അഞ്ച് മാസവും മുൻപ് അന്നത്തെ മുഖ്യമന്ത്രി നിതീഷ് കുമാർ ഈ പാലം ഉദ്ഘാടനം ചെയ്തതാണെന്നും അന്നുമുതൽ ഇത് ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുള്ളതാണെന്നും തേജസ്വി ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ യാതൊരു സാമ്പത്തിക സംഭാവനയുമില്ലാതെ നിർമ്മിച്ച ഈ പാലം സ്വന്തം പേരിലുള്ള ശിലാഫലകം സ്ഥാപിക്കാൻ വേണ്ടി മാത്രമാണോ വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. അനാവശ്യമായ സ്വയം പുകഴ്ത്തലിൽ നിന്നും ക്രെഡിറ്റ് ഏറ്റെടുക്കുന്നതിൽ നിന്നും പ്രധാനമന്ത്രി വിട്ടുനിൽക്കണമെന്നും തേജസ്വി യാദവ് എക്സിൽ കുറിച്ചു.
ഏകദേശം 4,280 കോടി രൂപ ചെലവിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. 9.76 കിലോമീറ്റർ നീളമുള്ള പ്രധാന പാലവും 10 കിലോമീറ്റർ നീളമുള്ള അപ്രോച്ച് റോഡുകളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. പട്ന ജില്ലയിലെ ദേശീയപാത 22-ലുള്ള ( എൻഎച്ച്-22 ) കച്ചി ദർഗയെയും വൈശാലി ജില്ലയിലെ ദേശീയപാത 322-ലുള്ള ( എൻഎച്ച്-322 ) ബിദുപൂർ ബ്ലോക്കിനെയുമാണ് ഈ പാലം തമ്മിൽ ബന്ധിപ്പിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഗവർണർ സയ്യിദ് അതാ ഹസ്നൈൻ , മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി , കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ , ഉപമുഖ്യമന്ത്രി വിജയ് കുമാർ ചൗധരി എന്നിവർക്കൊപ്പം പാലത്തിലൂടെ അൽപസമയം നടന്നു