
ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളിക്ക് സമീപം മുസിരിയിൽ കാതുകുത്ത് ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവം. കാത് കുത്ത് ചടങ്ങ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ തുരൈയൂർ-മുസിരി റോഡിൽ ജെംബുനാഥപുരത്തിന് സമീപമെത്തിയപ്പോൾ കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനം അമിത വേഗത്തിലായിരുന്നുവെന്നാണ് പ്രഥമിക നിഗമനം.
സംഭവത്തിൽ തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപ്പള്ളി സ്വദേശികളായ മാണിക്കം, സങ്കിലി, മുരുകൻ, രാജേഷ്, പാവടൈ എന്നിവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ശക്തിവേൽ, സുബ്രഹ്മണി, സീതാരാമൻ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.
അതേസമയം ജെംബുനാഥപുരം പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മുസിരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാർ നിയന്ത്രണം വിടാനുണ്ടായ കാരണത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.