
ശബരിമല: മണ്ഡലകാല തീർഥാടനത്തിന്റെ ആദ്യ ആറു ദിവസങ്ങളിൽ ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 47 ശതമാനത്തിന്റെ വൻ ഇടിവ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5.10 ലക്ഷം പേർ ദർശനം നടത്തിയ സ്ഥാനത്ത് ഇത്തവണ 2.71 ലക്ഷം തീർഥാടകർ മാത്രമാണ് എത്തിയത്. 2.38 ലക്ഷം പേരുടെ കുറവുണ്ടായതോടെ അരവണ വിൽപ്പനയും നടവരവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ സീസണിൽ ആദ്യ ആറു ദിവസങ്ങളിൽ 17 ലക്ഷം ഡപ്പി അരവണ വിറ്റഴിഞ്ഞിടത്ത് ഇത്തവണ എട്ട് ലക്ഷത്തോളം ഡപ്പികൾ മാത്രമാണ് വിൽക്കാനായത്.
ഭക്തരുടെ എണ്ണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശാസ്ത്രീയമായ തിരക്ക് നിയന്ത്രണമാണ് സന്നിധാനത്ത് തിരക്ക് കുറയാൻ കാരണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു. പമ്പയിൽ നിന്ന് ഭക്തരെ കൃത്യമായി നിയന്ത്രിച്ച് കയറ്റിവിടുന്നതിനാലും കെഎസ്ആർടിസിയുമായുള്ള ഫലപ്രദമായ ഏകോപനത്താലും എല്ലാവർക്കും സുഗമമായ ദർശനം സാധ്യമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സ്പോട്ട് ബുക്കിങ് കേന്ദ്രം പമ്പയിൽ വീണ്ടും തുറക്കുമെന്ന പ്രചാരണങ്ങൾ ശബരിമല എഡിഎം തള്ളി. ഹൈക്കോടതി നിർദേശപ്രകാരം നിലയ്ക്കൽ തന്നെയായിരിക്കും പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രം. പ്രതിദിനമുള്ള 14,000 സ്പോട്ട് ബുക്കിങ് സ്ലോട്ടുകളിൽ പതിനായിരവും നിലയ്ക്കലിലാണ് അനുവദിച്ചിരിക്കുന്നത്. നിലയ്ക്കലിന് പുറമെ എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സൗകര്യമുണ്ട്. മുൻവർഷങ്ങളിലുണ്ടായിരുന്ന പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവർക്ക് വീണ്ടും ബുക്കിങ് അനുവദിക്കില്ലെന്ന വാർത്തകളും അധികൃതർ നിഷേധിച്ചു. നിലവിലെ ബുക്കിങ് കാലാവധി കഴിഞ്ഞാൽ തീർഥാടകർക്ക് പുതിയ സ്ലോട്ട് ബുക്ക് ചെയ്യാം. ടൂർ ഓപ്പറേറ്റർമാർ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് തടസ്സമുണ്ടാക്കുന്നുവെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്ലോട്ടുകളുടെ എണ്ണം വർധിപ്പിച്ചിട്ടും തീർഥാടകരുടെ വരവ് ഉയരാത്തത് ദേവസ്വം ബോർഡിനെയും സർക്കാരിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.