Image

മരണവീടിന് സമീപം പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം; നാദാപുരത്ത് വിവാഹച്ചടങ്ങിൽ കൂട്ടത്തല്ല്

Published on 23 November, 2026
മരണവീടിന് സമീപം പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം; നാദാപുരത്ത് വിവാഹച്ചടങ്ങിൽ കൂട്ടത്തല്ല്

കോഴിക്കോട്: നാദാപുരം വരിക്കോളിയിൽ വിവാഹച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതിനെയും ബാൻഡ് മേളത്തെയും ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഇന്നലെ വൈകീട്ട് വധുവിന്റെ വീടിന് സമീപത്തുവെച്ചാണ് നാട്ടുകാരും വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മിൽ സംഘർഷമുണ്ടായത്. വിവാഹവീടിന് തൊട്ടടുത്ത് മരണം നടന്ന വീടുള്ളതിനാൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മഹല്ല് കമ്മിറ്റിയും നാട്ടുകാരും വരന്റെ വീട്ടുകാരോട് നേരത്തെ നിർദേശിച്ചിരുന്നു.

​എന്നാൽ നിർദേശം അവഗണിച്ച് വരനൊപ്പമെത്തിയ സുഹൃത്തുക്കൾ പടക്കം പൊട്ടിക്കുകയും ബാൻഡ് മേളം തുടരുകയും ചെയ്തതോടെ നാട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു. ഇത് വാക്കേറ്റത്തിനും പിന്നീട് വലിയ സംഘർഷത്തിനും വഴിവെച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് വരന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ കൂടി ഇടപെട്ട ശേഷമാണ് വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വധുവിന്റെ വീട്ടിലേക്ക് പ്രവേശിപ്പിച്ചത്.

​കഴിഞ്ഞ ദിവസം നാദാപുരത്തിന് സമീപമുള്ള ആയഞ്ചേരിയിലും സമാനമായ രീതിയിൽ വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. ആ സംഭവത്തിൽ വധുവിന്റെ അമ്മ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക