
ഇടുക്കി: ചിന്നക്കനാലിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കമാകും. ദൗത്യത്തിന്റെ ഭാഗമായി ആനയെ നിരീക്ഷിക്കുന്നതിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ചിന്നക്കനാലിലെത്തിച്ചു. കുത്തനെയുള്ള ഭൂപ്രകൃതിയും ആനയിറങ്കൽ അണക്കെട്ടിന്റെ സാമീപ്യവും കണക്കിലെടുത്ത്, സുരക്ഷിതമായി ദൗത്യം നടത്താൻ അനുയോജ്യമായ സ്ഥലത്തുവെച്ചായിരിക്കും മയക്കുവെടിവെക്കുക. റേഡിയോ കോളർ ഘടിപ്പിക്കുന്നതിലൂടെ ആനയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാനും ജനവാസ മേഖലകളിലേക്ക് അടുക്കുമ്പോൾ മുൻകൂട്ടി പ്രതിരോധ നടപടികൾ സ്വീകരിക്കാനും സാധിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
ആനയെ മറ്റൊരു വനമേഖലയിലേക്ക് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണെങ്കിലും, ഉടനടിയുള്ള കാടുമാറ്റം പ്രായോഗികമല്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. റേഡിയോ കോളർ ഘടിപ്പിച്ച ശേഷവും ജനവാസ മേഖലകൾക്ക് ഭീഷണിയായി തുടരുകയാണെങ്കിൽ മാത്രമേ ആനയെ മാറ്റുന്ന കാര്യം പരിഗണിക്കുകയുള്ളൂ.
അതേസമയം, ചിന്നക്കനാലിലെ ആനക്കൂട്ടത്തിന്റെ നിലനിൽപ്പിൽ ചക്കക്കൊമ്പന് നിർണായക സ്ഥാനമാണുള്ളത്. അരിക്കൊമ്പനെ മാറ്റിയതും സൂചിക്കൊമ്പൻ, മുറിവാലൻ എന്നീ കൊമ്പന്മാർ ചരിഞ്ഞതും ജൂലൈയിൽ ഏഴ് വയസ്സുള്ള ആണാനയെ ചത്തനിലയിൽ കണ്ടെത്തിയതും മേഖലയിലെ ആനകളുടെ എണ്ണം 17 ആയി കുറയാൻ കാരണമായി. ശേഷിക്കുന്ന ആണാനകൾ പ്രായപൂർത്തിയാകാത്തവയായതിനാൽ, ചിന്നക്കനാലിൽ നിലവിലുള്ള പ്രായപൂർത്തിയായ ഏക പ്രജനനശേഷിയുള്ള കൊമ്പനാണ് ചക്കക്കൊമ്പൻ.