Image

മതജീവിതം സ്വീകരിച്ചാലും അനന്തരാവകാശം നഷ്ടപ്പെടില്ല; കുടുംബസ്വത്ത് തർക്കത്തിൽ 'സിവിൽ ഡെത്ത്' വാദം തള്ളി ഹൈക്കോടതി

Published on 23 November, 2026
മതജീവിതം സ്വീകരിച്ചാലും അനന്തരാവകാശം നഷ്ടപ്പെടില്ല; കുടുംബസ്വത്ത് തർക്കത്തിൽ 'സിവിൽ ഡെത്ത്' വാദം തള്ളി ഹൈക്കോടതി

കൊച്ചി: മതപരമായ ജീവിതം സ്വീകരിച്ച് കന്യാസ്ത്രീയായെന്ന കാരണത്താൽ ഒരാൾക്ക് പിതൃസ്വത്തിലുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം ക്രിസ്ത്യൻ പുരോഹിതന്മാർക്കും കന്യാസ്ത്രീകൾക്കും സ്വത്തവകാശത്തിന് പൂർണ്ണ അർഹതയുണ്ടെന്ന് ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി. കോഴിക്കോട് മുത്തപ്പൻപുഴയിൽ സർക്കാർ ഏറ്റെടുത്ത 3.295 ഏക്കർ കുടുംബസ്വത്തിന്റെ നഷ്ടപരിഹാരത്തുകയായ 3.74 കോടി രൂപ വീതംവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.

​സന്യാസജീവിതം സ്വീകരിച്ചതോടെ സഹോദരിക്ക് നിയമപരമായി 'സിവിൽ ഡെത്ത്' സംഭവിച്ചെന്നും അതിനാൽ പിതൃസ്വത്തിൽ അവകാശമില്ലെന്നുമായിരുന്നു ഹർജിക്കാരനായ എ.എം. ജോസിന്റെ വാദം. നഷ്ടപരിഹാരത്തുക തനിക്കും അഞ്ച് സഹോദരങ്ങൾക്കുമായി തുല്യമായി വീതിച്ചുനൽകാനുള്ള കോഴിക്കോട് ലാൻഡ് അക്വിസിഷൻ അതോറിറ്റിയുടെ ഉത്തരവിനെതിരെയാണ് ജോസ് കോടതിയെ സമീപിച്ചത്. എന്നാൽ, സന്യാസജീവിതം സ്വീകരിച്ചതുകൊണ്ട് മാത്രം അനന്തരാവകാശമോ വിൽപ്പത്രം വഴി ലഭിക്കുന്ന സ്വത്തോ നഷ്ടപ്പെടില്ലെന്ന് സുപ്രീംകോടതിയുടെയും ഡിവിഷൻ ബെഞ്ചിന്റെയും മുൻകാല വിധികൾ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. വ്യക്തിനിയമങ്ങൾക്കും ആചാരങ്ങൾക്കും മുകളിലാണ് നിയമനിർമ്മാണത്തിലൂടെ നിലവിൽ വന്ന പിന്തുടർച്ചാവകാശ നിയമമെന്നും കോടതി നിരീക്ഷിച്ചു.

​മറ്റ് സഹോദരങ്ങൾ തറവാട് വിട്ട് താമസം മാറിയതിനാൽ ഭൂമി നഷ്ടപ്പെട്ടതിന്റെ വൈകാരിക ആഘാതം തനിക്കാണ് കൂടുതലെന്നും, അതിനാൽ നഷ്ടപരിഹാരം അവർക്ക് നൽകരുതെന്നുമുള്ള ജോസിന്റെ വാദവും കോടതി തള്ളി. വീട് വിട്ടുപോയതുകൊണ്ട് സഹോദരങ്ങൾക്ക് കുടുംബസ്വത്തിനോടുള്ള വൈകാരികബന്ധം ഇല്ലാതാകില്ലെന്നും സഹഉടമയെന്ന നിലയിൽ തുക മുഴുവൻ കൈക്കലാക്കാൻ ഹർജിക്കാരന് അവകാശമില്ലെന്നും കോടതി പറഞ്ഞു.

​കുടുംബസ്വത്തിലെ അവകാശം ഒരു സഹോദരൻ ഒത്തുതീർപ്പ് കരാറിലൂടെ ഉപേക്ഷിച്ചിരുന്നുവെന്ന വാദവും രജിസ്റ്റർ ചെയ്യാത്ത രേഖയായതിനാൽ കോടതി അംഗീകരിച്ചില്ല. സ്ഥാവരസ്വത്തിലെ അവകാശങ്ങൾ ഇല്ലാതാക്കുന്ന രേഖകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, സിംഗിൾ ബെഞ്ച് വിധിക്കെതിരെ ജോസ് നൽകിയ അപ്പീൽ ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക