Image

ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചില്ല; വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി അബിൻ വർക്കി എംഎൽഎ

Published on 23 November, 2026
ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചില്ല; വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി അബിൻ വർക്കി എംഎൽഎ

പത്തനംതിട്ട: മുൻ മന്ത്രി വീണാ ജോർജ് ആറന്മുള എംഎൽഎയായിരിക്കെ 21 കോടി രൂപയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും പാഴാക്കിയെന്ന് അബിൻ വർക്കി എംഎൽഎ ആരോപിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാത്ത കേരളത്തിലെ ഏക എംഎൽഎ വീണാ ജോർജാണെന്നും ഇന്നലെ ഇരവിപേരൂരിൽ നടന്ന വികസന സദസ്സിൽ അദ്ദേഹം പറഞ്ഞു.

​തന്റെ ആരോപണം ശരിവെക്കുന്ന വിവരാവകാശ രേഖകൾ കലക്ടറേറ്റിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും, വീണാ ജോർജ് ഇനിയും അവകാശവാദങ്ങളുമായി മുന്നോട്ടുവന്നാൽ രേഖകൾ പുറത്തുവിടുമെന്നും അബിൻ വർക്കി വെല്ലുവിളിച്ചു. ആരെയും വ്യക്തിപരമായി മോശപ്പെടുത്താനല്ല, മറിച്ച് മണ്ഡലത്തിലെ യാഥാർഥ്യം ജനങ്ങളെ അറിയിക്കാനാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ആറന്മുളയിലെ നിലവിലെ എംഎൽഎയും മുൻ എംഎൽഎയും തമ്മിൽ സമീപദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷമായ വാക്പോരാണ് നടക്കുന്നത്. കോഴഞ്ചേരി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് ഫണ്ട് വിനിയോഗം ചൂണ്ടിക്കാട്ടി അബിൻ വർക്കി പുതിയ ആരോപണമുന്നയിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക