Image

ശബരിമലയെ തിരുപ്പതി മാതൃകയിൽ ആധുനിക തീർഥാടന കേന്ദ്രമാക്കും; പുട്ടപർത്തി സന്ദർശനത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ

Published on 23 November, 2026
ശബരിമലയെ തിരുപ്പതി മാതൃകയിൽ ആധുനിക തീർഥാടന കേന്ദ്രമാക്കും; പുട്ടപർത്തി സന്ദർശനത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ

ഹൈദരാബാദ്: ശബരിമലയെ തിരുപ്പതിയുടെ മാതൃകയിൽ ആധുനിക തീർഥാടന കേന്ദ്രമാക്കി മാറ്റുന്നതിനായി സംസ്ഥാന സർക്കാർ വൻ വികസന പദ്ധതിക്ക് രൂപം നൽകുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലവിലെ മണ്ഡല-മകരവിളക്ക് തീർഥാടന കാലം അവസാനിച്ചാലുടൻ പദ്ധതിയുടെ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും അടുത്ത സീസണിന് മുൻപായി നിർമ്മാണ പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സുഗമമായി ദർശനം നടത്താൻ സാധിക്കുന്ന തരത്തിൽ ശബരിമലയിലും തീർഥാടന പാതകളിലും ദീർഘകാലാടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് പദ്ധതിയിൽ ഊന്നൽ നൽകുന്നത്. ഇതിലൂടെ തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

​ഭക്തിയെന്നത് പാവങ്ങളുടെ കണ്ണീരൊപ്പലാണെന്ന് തെളിയിച്ചവരാണ് സത്യസായി ബാബയുടെ അനുയായികളെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യസായി ബാബയുടെ 101-ാം ജന്മവാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം പുട്ടപർത്തിയിലെത്തിയത്. സത്യസായി ബാബ വിളിച്ചതുകൊണ്ടാണ് തനിക്ക് ഇവിടെ എത്താൻ കഴിഞ്ഞതെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രശാന്തി നിലയത്തിലെ സായ് കുൽവന്ത് ഹാളിലുള്ള മഹാസമാധി സന്ദർശിച്ച് പുഷ്പാർച്ചനയും നടത്തി.

​ഒരു കേരള മുഖ്യമന്ത്രി ഇതാദ്യമായാണ് പുട്ടപർത്തി സന്ദർശിക്കുന്നത്. കേന്ദ്ര കൽക്കരി മന്ത്രി ജി. കിഷൻ റെഡ്ഡി ഉൾപ്പെടെയുള്ള പ്രമുഖർ ജന്മദിനാഘോഷ സമാപന ചടങ്ങിൽ പങ്കെടുത്തു. സന്ദർശനം പൂർത്തിയാക്കി ഉച്ചയോടെ കൊച്ചിയിൽ തിരിച്ചെത്തുന്ന മുഖ്യമന്ത്രി തുടർന്ന് കോട്ടയത്തേക്ക് തിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക