Image

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; ബിസ്ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് എഫ്എസ്എസ്എഐ അനുമതി

Published on 23 November, 2026
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; ബിസ്ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് എഫ്എസ്എസ്എഐ അനുമതി

ന്യൂഡൽഹി: പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സാംപിൾ രണ്ട് ലാബ് പരിശോധനകളിലും പരാജയപ്പെട്ടതിനെത്തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അനുമതി നൽകി. 2006-ലെ ഭക്ഷ്യസുരക്ഷാ, ഗുണനിലവാര നിയമപ്രകാരമാണ് നടപടി. പതിവ് പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിച്ച സാംപിളിൽ ആദ്യഘട്ടത്തിൽ അപകടകരമായ അളവിൽ ബ്രോമേറ്റിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.

​ആദ്യ റിപ്പോർട്ടിനെതിരെ കമ്പനി അപ്പീൽ നൽകിയതിനെത്തുടർന്ന് സാംപിൾ റഫറൽ ഫുഡ് ലബോറട്ടറിയിൽ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ, രണ്ടാം പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് തെളിഞ്ഞു; പരിധിയിലധികം പോളിന്യൂക്ലിയർ അരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (പിഎഎച്ച്) സാന്നിധ്യമാണ് റഫറൽ ലാബിൽ കണ്ടെത്തിയത്. രണ്ട് പരിശോധനകളിലും നിയമലംഘനം വ്യക്തമായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന് അനുമതി നൽകിയതെന്ന് എഫ്എസ്എസ്എഐ ഔദ്യോഗികമായി അറിയിച്ചു.

​അതേസമയം, പരിശോധനയിൽ പരാജയപ്പെട്ട സാംപിളിന്റെ ബാച്ച് നമ്പറോ, ഉൽപ്പാദിപ്പിച്ച പ്ലാന്റിന്റെ വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ ഉത്തരവിട്ടിട്ടില്ലെന്നും, പ്രോസിക്യൂഷൻ അനുമതി നൽകിയതുകൊണ്ട് മാത്രം കമ്പനി കുറ്റക്കാരാണെന്ന് കോടതി വിധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി 140 നിർമാണശാലകളും വിപുലമായ വിതരണ ശൃംഖലയുമുള്ള പ്രമുഖ കമ്പനിക്കെതിരെയാണ് ഈ നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക