
ന്യൂഡല്‍ഹി: ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പി ടി ഉഷയുടെ നാമനിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യ (IHAI) വഴി ഐഒഎ ജനറല്‍ അസംബ്ലിയിലേക്ക് പി ടി ഉഷയെ നാമനിര്‍ദ്ദേശം ചെയ്തതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി.
ഐസ് ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് ഗുര്‍പ്രീത് സിങ് ബക്ഷിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഉഷയുടെ പേര് നാമനിര്‍ദേശം ചെയ്തത്. ഈ നടപടി ചോദ്യം ചെയ്താണ് കുന്‍സാങ് നാംഗ്യാല്‍ വിഭാഗം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അംഗത്വമില്ലാത്ത ഒരാളെ അസോസിയേഷന്‍ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യാനാവില്ലെന്നായിരുന്നു ഇവരുടെ വാദം.കായിക മേഖലയിലെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച കായികതാരങ്ങള്‍ക്കുള്ള വിഭാഗത്തില്‍ ജനറല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ പി ടി ഉഷയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് ഐസ് ഹോക്കി അസോസിയേഷന്‍ ഉഷയെ നാമനിര്‍ദേശം ചെയ്തത്.