
ഡൽഹി: ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി ഇർഫാൻ സിറാജ് പാഡയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഗുരുതരമായ ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യകാരണങ്ങൾ പരിഗണിച്ചാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഇർഫാന്റെ അപ്പീലിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ ഉത്തരവ്.
2002 ഫെബ്രുവരി 27-ന് രാവിലെ ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപം സബർമതി എക്സ്പ്രസിന്റെ S6 കോച്ചിന് തീപിടിച്ചതാണ് കേസിനാസ്പദമായ സംഭവം. അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന കർസേവകർ സഞ്ചരിച്ചിരുന്ന കോച്ചിന് തീപിടിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 59 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവം പിന്നീട് ഗുജറാത്തിൽ വലിയ തോതിലുള്ള വർഗീയ കലാപങ്ങൾക്ക് വഴിവെക്കുകയും ആയിരത്തിലധികം പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു.
കേസ് അന്വേഷിച്ച പ്രത്യേക എസ്.ഐ.ടി കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതിൽ 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. 63 പേരെ വെറുതെവിട്ടു. തുടർന്ന് 2017-ൽ ഗുജറാത്ത് ഹൈക്കോടതി 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയും മറ്റ് 20 പേരുടെ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും ചെയ്തു. കൂടാതെ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വധശിക്ഷ ഇളവ് ചെയ്തതിനെതിരെ ഗുജറാത്ത് സർക്കാരും ശിക്ഷയ്ക്കെതിരെ പ്രതികളും നൽകിയ അപ്പീലുകൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.