Image

മുതിർന്ന പൗരനെ സ്വന്തം വീട്ടിൽ മക്കളോടൊപ്പം താമസിക്കാൻ നിർബന്ധിക്കാനാവില്ല; സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി

Published on 23 November, 2026
മുതിർന്ന പൗരനെ സ്വന്തം വീട്ടിൽ മക്കളോടൊപ്പം താമസിക്കാൻ നിർബന്ധിക്കാനാവില്ല; സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മുതിർന്ന പൗരനെ സ്വന്തം വീട്ടിൽ മക്കളോടൊപ്പം താമസിക്കാൻ നിർബന്ധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. 85 വയസുകാരനായ പിതാവ് നൽകിയ ഹർജിയിൽ ജസ്റ്റിസ് അമിത് മഹാജന്‍റെ സിംഗിൾ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. മുതിർന്ന പൗരന്മാർക്ക് അവരുടെ സ്വന്തം വീട്ടിൽ സമാധാനപരമായും അന്തസോടെയും ജീവിക്കാൻ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹർജിക്കാരനായ വയോധികന്‍റെ വീട്ടിൽ താമസിക്കുന്ന മൂത്ത മകനോടും മരുമകളോടും നാല് ആഴ്ചയ്ക്കകം വീട് ഒഴിഞ്ഞുകൊടുക്കാൻ കോടതി നിർദേശിച്ചു. ഇതിനായി ആവശ്യമെങ്കിൽ പൊലീസിന്‍റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ ഒരു ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും ഡിവിഷണൽ കമ്മിഷണറും വയോധികന്‍റെ ഒഴിപ്പിക്കൽ അപേക്ഷ നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ അദ്ദേഹം സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതി വയോധികർക്ക് അനുകൂലമായ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരം മക്കളിൽ നിന്നുള്ള പീഡനം തെളിവുകൾ സഹിതം സമർപ്പിച്ചാൽ മാത്രമേ ഒഴിപ്പിക്കൽ സാധ്യമാകൂ എന്ന അധികാരികളുടെ നിലപാട് കോടതി തള്ളി. സ്വന്തം സ്വത്ത് സംരക്ഷിക്കാനും സമാധാനമായി ജീവിക്കാനും ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നത് തന്നെ ഒഴിപ്പിക്കലിന് മതിയായ കാരണമാണെന്ന് കോടതി നിരീക്ഷിച്ചു.

ഹർജിക്കാരന്‍റെ മക്കൾ തമ്മിൽ ബിസിനസ് സംബന്ധമായ തർക്കങ്ങൾ നിലവിലുണ്ടെന്ന് ജസ്റ്റിസ് മഹാജൻ ചൂണ്ടിക്കാണിച്ചു. എന്നാൽ തർക്കങ്ങൾ ഹർജിക്കാരൻ ഉന്നയിച്ച ആരോപണങ്ങളുടെ ആധികാരികതയെ സംശയിക്കാനോ, മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരമുള്ള അവകാശങ്ങൾ അദ്ദേഹത്തിന് നിഷേധിക്കാനോ ഉള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക