നാലുപേര്‍ നല്ലവന്‍ എന്ന് പറയുന്നത് കേട്ടിട്ട്..

സോമരാജന്‍ പണിക്കര്‍ Published on 25 November, 2012
നാലുപേര്‍ നല്ലവന്‍ എന്ന് പറയുന്നത് കേട്ടിട്ട്..
അമ്മക്ക് സങ്കടങ്ങളും കഷ്ടപ്പാടും പറഞ്ഞു പ്രാര്‍ഥിക്കാന്‍ പോവുന്നത് പ്രധാനമായും മൂന്നു അമ്പലങ്ങളില്‍ ആണ് , അരീക്കര പരയിരുകാല ദേവീക്ഷേത്രം , കാരക്കാട് ധര്മാശാസ്താ ക്ഷേത്രം , പിന്നെ മുളക്കുഴ ഗന്ധര്‍വ മുറ്റം ഭഗവതി ക്ഷേത്രം. കുട്ടിയായിരുന്ന എനിക്ക് ഏറ്റവും വേദനാജനകമായ അനുഭവം ആയിരുന്നു അമ്മയുടെ കൂടെ ഈ അമ്പലത്തില്‍ പോക്ക് . വഴി നീളെ കണ്ണില്‍ കാണുന്നവരോടൊക്കെ എന്റെ കുറ്റങ്ങളും കുറവുകളും അമ്മയുടെ കഷ്ടപ്പാടുകളും ഒക്കെ പറഞ്ഞു ആണ് അമ്പലത്തില്‍ എത്തുക . കാരക്കാട് അമ്പലത്തിലെ പൂജാരി അമ്മയുടെ കൂടെ പഠിപ്പിച്ചിരുന്ന ഒരു നമ്പൂതിരി സാര്‍ കൂടി ആയതിനാല്‍ അവിടെ പോവാനാണ് അമ്മക്ക് ഇഷ്ടം . ദൈവത്തോട് പറഞ്ഞ സങ്കടങ്ങള്‍ ഒക്കെ പൂജാരിയോട് ഒരിക്കല്‍ ക്കൂടി ആവര്‍ത്തിക്കും .

" നമ്പൂതിരി സാറേ , എന്റെ മക്കളില്‍ മറ്റാര്‍ക്കും ഇവനെപ്പോലെ ദുസ്വഭാവങ്ങള്‍ ഒന്നും ഇല്ല , ഇവന്‍ മാത്രം എങ്ങിനാ ഇങ്ങനെ ആയതെന്നു എനിക്കറിയില്ല സാറേ , ഇവനെ നന്നാക്കിയെടുക്കാനാ ഞാനീ അമ്പലങ്ങളായ അമ്പലങ്ങള്‍ കയറി ഇറങ്ങുന്നത് , എന്ത് വഴിപാടു വേണമെങ്കിലും ഞാന്‍ കഴിപ്പിക്കാം "

നമ്പൂതിരി സാറ് കഥകള്‍ ഒക്കെ കേട്ട് തലകുലുക്കി " സോമരാജന്‍ , പുണര്‍തം " എന്ന് ഉറക്കെ പറഞ്ഞു അര്‍ചനയോ പുഷ്പാന്ജലിയോ ഒക്കെ കഴിച്ചു വാഴയിലയില്‍ പ്രസാദം അമ്മയുടെ കയ്യില്ലേക്ക് ഇട്ടുകൊടുക്കുമ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കും . ആ ചന്ദനം അപ്പോള്‍ തന്നെ എന്റെ നെറ്റിയില്‍ ഇട്ടു തരും . ചിലപ്പോള്‍ നട അടക്കുന്നത് വരെ അവിടെത്തന്നെ തൊഴുതു നില്‍ക്കും . കിട്ടാന്‍ പോവുന്ന പായസത്തിന്റെ രുചിയോ തിരികെപ്പോവുംപോള്‍ അടുത്തുള്ള കടയില്‍ നിന്നും വാങ്ങുന്ന ഉണ്ണിയപ്പത്തിന്റെ രുചിയോ ഒക്കെ ഓര്‍ത്തു കൊണ്ട് ഞാന്‍ അമ്മയുടെ കൂടെ തന്നെ നില്‍ക്കും .

ഓരോ തവണയും അമ്മയുടെ സങ്കടം കേള്‍ക്കുമ്പോള്‍ വിചാരിക്കും , ഇനി അങ്ങോട്ട്‌ നന്നാവും , ശരിക്ക് പഠിക്കും , പൈസ കട്ടെടുക്കില്ല , വീട്ടിലെ സാധങ്ങള്‍ പെറുക്കി കൂട്ടുകാര്‍ക്ക് കൊടുക്കില്ല , എല്ലാവരെക്കൊണ്ടും നല്ലവന്‍ എന്ന് പറയിപ്പിക്കും . സ്കൂളില്‍ അടുത്തുള്ള കടയിലെ കണ്ണാടി അലമാരിയിലെ ഉണ്ണിയപ്പമോ ബോണ്ടയോ നോക്കുകയെ ഇല്ല എന്നൊക്കെ . പക്ഷെ എന്തെങ്കിലും ഒരു പുതിയ കുറ്റകൃത്യം എന്നെ ക്കൊണ്ട് ചെയ്യിച്ചും അമ്മയെക്കൊണ്ട് കരയിച്ചും സ്കൂള്‍ കാലം ചിലവഴിക്കാന്‍ ആയിരുന്നു എന്റെ വിധി .

ഞാന്‍ ഇത്ര വലിയ ഈശരഭക്തയും മാതൃകാ അധ്യാപികയുമായ എന്റെ അമ്മക്ക് ഉണ്ടാക്കി കൊടുത്ത ചീത്തപ്പേരിനു കണക്കില്ല . അമ്മയുടെ ബാഗില്‍ നിന്നും പണം മോഷ്ടിക്കുക , സഹപാഠിയുടെ പുസ്തകം മോഷ്ടിക്കുക, മാടക്കടയില്‍ കടം പറയുക , സാമൂഹ്യ സദ്യയില്‍ പായസം കഴിക്കാന്‍ ചെന്നിരിക്കുക , അങ്ങിനെ അമ്മക്ക് സഹിക്കാന്‍ ആവാത്ത കുറ്റകൃത്യങ്ങള്‍ ആണ് ചെറുപ്രായത്തില്‍ ചെയ്തു കൂട്ടിയത് . ഒരിക്കല്‍ ചീത്ത കുട്ടികളെ നന്നാക്കിയെടുക്കുന്ന ദുര്‍ഗുണ പരിഹാര പാഠശാലയില്‍ ചേര്‍ക്കാന്‍ പോലും ആലോചിച്ചു .

അന്നൊക്കെ അമ്മയോടൊപ്പം ഒരു ചടങ്ങിനു പോവാനോ യാത്ര ചെയ്യാനോ എനിക്ക് ആലോചിക്കാന്‍ പോലും ആവില്ലായിരുന്നു . വഴി നീളെ വഴക്ക് പറഞ്ഞു എന്നെ ഇങ്ങനെ കൊണ്ടുപോവുന്നത് കണ്ടു എന്നോട് അലിവു തോന്നിയ അമ്മമാരെയും അമ്മയുടെ കൂടെ പഠിപ്പിക്കുന്ന അധ്യാപകരും ആയിരുന്നു എന്റെ ആശ്വാസം .

" ഈ ചെറുക്കനെ പറ്റി നാലുപേര്‍ നല്ലവന്‍ എന്ന് പറയുന്നത് കേട്ടിട്ട് വേണം എന്റെ കണ്ണടയാന്‍, വിജയനോ കൊച്ചവനോ ഇല്ലാത്ത ദുശ്ശീലങ്ങള്‍ എങ്ങിനെയനെയാനീശ്വരാ ഈ ചെറുക്കാന് കിട്ടിയത് ?" ഒരായിരം തവണ എങ്കിലും ഇങ്ങനെ കേട്ട് വളര്‍ന്നത്‌ കൊണ്ട് ജീവിതത്തില്‍ എങ്ങിനെ ആണ് നന്നാവുക എന്ന് ഞാനും ആലോചിക്കാതിരുന്നില്ല . പക്ഷെ മനസ്സില്‍ എത്ര നന്നാവണം എന്ന് വിചാരിച്ചിട്ടും കണ്ടക ശനിയുടെ അപഹാരം പോലെ പുതിയ ഒരു പ്രശ്നത്തില്‍ ചെന്ന് ചാടും . അമ്മക്ക് പിന്നെ അമ്പലവും വഴിപാടും ശരണം . നിരീശ്വര വിശാസിയായ അച്ഛന് എന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരേ ഒരു പരിഹാരം , ചൂരല്‍ കഷായം !

സ്വന്തം മക്കളെപ്പറ്റി പുകഴ്ത്തിപ്പറയുന്ന അമ്മമാരെ കാണുമ്പോള്‍ ആണ് ഞാന്‍ അനുഭവിക്കുന്ന ധര്‍മ സങ്കടം എത്ര വലുതാണെന്ന് മനസ്സിലാക്കിയത് . ഞാന്‍ എന്ത് ചെയ്താലും അമ്മക്ക് സംശയം , വീട്ടില്‍ എന്ത് കാണാതെ പോയാലും അത് ഞാന്‍ തന്നെ എടുത്തതാണ് അന്ന് ആദ്യമേ അമ്മ വിധിയെഴുതും . എത്ര എത്ര തവണ ആണ് ചെയ്യാത്ത കുറ്റങ്ങള്‍ക്ക് അമ്മയുടെ ശാപവും അച്ഛന്റെ അടിയും ഏറ്റുവാങ്ങിയത് .

വീട്ടിലെ സ്ഥിതി ഇത്രയ്ക്കു വേദനാജനകം ആയതിനാല്‍ പുറത്തിറങ്ങുമ്പോള്‍ കാണുന്ന അമ്മമാരൊക്കെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം ആയി തോന്നി . അവരുടെ സ്നേഹവും ലാളനയും വിശ്വാസവും പിടിച്ചു പറ്റാന്‍ എന്തും ചെയ്യാന്‍ ഞാന്‍ ഒരുക്കമായിരുന്നു . അതുകൊണ്ടാണ് അപ്പചിമാരും മാമിമാരും ഒക്കെ എനിക്ക് സ്നേഹത്തിന്റെ വലിയ തണല്‍ മരങ്ങള്‍ ആയി തോന്നിയതും സത്യമായും അങ്ങിനെ മാറിയതും

അരീക്കര വിട്ടു മുംബയില്‍ എത്തിയപ്പോള്‍ പോലും അമ്മയുടെ വഴക്ക് പറച്ചിലും വഴിപാടും മുറ പോലെ നടന്നുകൊണ്ടിരുന്നു . അയക്കുന്ന എഴുത്തുകളില്‍ മുഴുവന്‍ ഉപദേശങ്ങളും വഴക്കും എനിക്ക് വേണ്ടി കഴിച്ച വഴിപാടുകളുടെ കണക്കും ആയിരിക്കും . "ഞാന്‍ നല്ലവനായി അമ്മെ " എന്ന് പറഞ്ഞു അമ്മയുടെ മുന്‍പില്‍ നില്ക്കാന്‍ എന്നാണു ഈശ്വരന്‍ എനിക്ക് ഒരു ദിവസം തരുന്നത് എന്ന് ഓരോ കത്തും വായിച്ചു എന്റെ കണ്ണ് നിറയും . എത്രയോ കൂട്ടുകാരും അവരുടെ അമ്മമാരും ഒക്കെ ഞാന്‍ എത്ര നല്ല പയ്യനാണെന്നു പറഞ്ഞിട്ടും അമ്മ മാത്രം അത് വിശ്വസിക്കത്തതെന്താ ?

മറ്റുള്ളവരെ കൊണ്ട് നല്ലവന്‍ എന്ന് പറയിപ്പിക്കേണ്ടത് എനിക്ക് ഒരു ജീവിത ലക്ഷ്യം ആയി മാറുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി . മാനസാന്തരം വന്ന ഒരു വലിയ കുറ്റവാളി ആണ് ഞാന്‍ എന്ന ഒരു ബോധം എന്നെ എപ്പോഴും ഒര്മാപ്പെടുത്തികൊണ്ടിരുന്നു .

എന്നെ പരീക്ഷിക്കാന്‍ വരുന്നവരാണ് ഞാന്‍ കണ്ടു മുട്ടുന്ന അമ്മമാരെല്ലാം എന്ന തോന്നല്‍ കാരണം ഞാന്‍ അവര്‍ക്ക് ഒരു നല്ല വാക്ക് പറയാന്‍ എന്ത് ചെയ്യാനും തയ്യാറായി . ആ യാത്രയില്‍ എന്നെ സ്നേഹിച്ച ഒരമ്മയെപ്പോലും ഞാന്‍ മറന്നിട്ടും ഇല്ല .

ഞാന്‍ മുംബയില്‍ ആദ്യം ജോലിക്ക് കയറിയ കമ്പനിയില്‍ രാവിലെയും വൈകിട്ടും ചായ തയ്യാറാക്കുകയും തറ തുടക്കുകയും ചെയ്യുന്ന ഒരു സാധു സ്ത്രീയുണ്ടായിരുന്നു ലീലാ ബായി , എഴുപതോട് അടുത്ത് പ്രായം . എന്നും രണ്ടു മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്തു വിരാര്‍ എന്ന സ്ഥലത്ത് നിന്നും എട്ടര മണിയോടെ ഓഫീസില്‍ എത്തും . ഓഫിസ് മുഴുവന്‍ തുടച്ചു വൃത്തിയാക്കി പത്തുമണിക്ക് എല്ലാവര്ക്കും ചായ , വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരുന്ന സ്റ്റാഫ്‌ ന്റെ പാത്രങ്ങള്‍ കഴുകി വെക്കുക , നാല് മണിക്ക് ചായ , എന്ന് വേണ്ട ആ ചെറിയ ഓഫീസിലെ സകല വിധ പണികളും ചെയ്യുന്ന ലീലബായി എനിക്ക് വെറുമൊരു തൂപ്പുകാരിയോ വേലക്കാരിയോ അല്ലായിരുന്നു . അവരെ കാര്യത്തിനും കാര്യമില്ലതെയും ശകാരിക്കുന്ന ചില മേലുദ്യോഗസ്ഥരുടെ പെരുമാറ്റം എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു . ചിലപ്പോള്‍ വഴക്ക് കേട്ട് അവരുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . നിസ്സാരമായ ഒരു വരുമാനത്തിനു വേണ്ടി അവര്‍ എത്ര കഷ്ടപ്പെടുന്നു , ഭര്‍ത്താവ് മരിച്ചു , ഒരു മകന്‍ ഉണ്ടായിരുന്നത് വിവാഹ ശേഷം എവിടെയോ പോയി , അമ്മയെ പിന്നെ അന്വേഷിചിട്ടെ ഇല്ല . എഴുപതോട് അടുത്ത ആ സ്ത്രീ വീട്ടില്‍ നിന്നും ആറു മണിക്ക് തിരിച്ചാല്‍ ആണ് ഇത്രയും ദൂരം താണ്ടി ചര്‍ച്ഗേറ്റ് എന്ന സ്ഥലത്തെ ഞങ്ങളുടെ ഓഫീസില്‍ എത്തുക . എനിക്കവരോട് സഹതാപം അല്ല , ആരാധനയാണ് തോന്നിയത് . എന്തെങ്കിലും ഒരു നല്ല വാക്ക് പറയാതെ എനിക്ക് അവരുടെ ചായ കുടിക്കാന്‍ കഴിയില്ല . " എന്റെ അമ്മ ഉണ്ടാക്കുന്ന ചായ പോലെ നല്ലത് ലീലാ ബായി " എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ അവരുടെ മുഖം തെളിയും . " ഇതെന്തോ നശിച്ച ചായ ആണ് നിങ്ങള്‍ രാവിലെ ഉണ്ടാക്കി കൊണ്ട് വന്നിരിക്കുന്നത്" എന്ന് മറ്റൊരാള്‍ പറയുമ്പോള്‍ ആ മുഖം വാടുകയും ചെയ്യും .

ദീപാവലിക്കും മറ്റു വിശേഷ ദിവസങ്ങളിലും ഒക്കെ അവരുടെ സന്തോഷത്തിനായി ഞാന്‍ ചെറിയ മിഠായി പെട്ടിയോ അല്പം പണമോ ഒക്കെ കൊടുക്കും . " ആപ് കിത്ത്നെ അച്ചെ ഹെ" എന്ന് പറയുന്നത് കേള്‍ക്കാന്‍ എനിക്ക് അത്രയ്ക്ക് ആഗ്രഹമായിരുന്നു . അമ്മക്ക് എഴുതുന്ന എഴുത്തുകളില്‍ ഞാന്‍ ലീലാബായിയെ പറ്റിയും അവര്‍ തരുന്ന ചായയെ പറ്റിയും ഒക്കെ എഴുതും.

വര്‍ഷങ്ങള്‍ കഴിഞ്ഞു പല വിധ അസുഖങ്ങളും യാത്ര ചെയ്യാനുള്ള ബുദ്ധി മുട്ടും ഒക്കെ കാരണം ലീല ബായി വീരാര്‍ തന്നെ ഏതോ വീട്ടില്‍ പണി കിട്ടി ഞങ്ങളുടെ കമ്പനി വിട്ടു. എന്റെ ഓഫ്സില്‍ ബായി ആയി പുതിയ ഒരു ബായി വരികയും ചെയ്തു .

എനിക്ക് ഇതിനിടെ ഗള്‍ഫില്‍ സെലെക്ഷന്‍ ഒക്കെ ശരിയായി , പോവാന്‍ ടിക്കറ്റ്‌ ഒക്കെ ശരിയായി , എനിക്ക് ഈ ലീല ബായിയെ ഒന്ന് കണ്ടാല്‍ കൊള്ളാം എന്ന് തോന്നി . അവരുടെ കയ്യില്‍ നിന്നും എത്രയോ ചായ മുത്തിക്കുടിച്ചാണ് ഞാന്‍ എന്റെ ദിവസങ്ങളെ മനോഹരമാകിയത് . അന്ന് ഇന്നത്തെപ്പോലെ ഫോണ്‍ സൌകര്യങ്ങളും ഇല്ല . ഒടുവില്‍ ഒരിക്കല്‍ അവരുടെ വീട്ടില്‍ പോയ ഒരു ആള്‍ ഭാഗ്യവശാല്‍ ഓഫീസില്‍ ഉണ്ടായിരുന്നു . അവരുടെ വീട് ഒരുമാതിരി വിലാസം ഒപ്പിച്ചു ഞാന്‍ ഒരു ഞായര്‍ ദിവസം വിരാരിനു വണ്ടി കയറി

വളരെ ബുദ്ധി മുട്ടി അവരുടെ വീട് കണ്ടു പിടിച്ചു , ചെറ്റക്കുടില്‍ എന്ന് പറയുന്നതാണ് നല്ലത് . അത്രയ്ക്ക് ചെറിയ വീട് . സ്റ്റേഷനില്‍ നിന്നും മറ്റൊരു ബസ്‌ കയറി വേണം ഇവിടെ എത്താന്‍.

" ലീലാബായ് ഹെ " എന്ന് ആ കുടിലിനു മുന്‍പില്‍ നിന്നും ഉറക്കെ വിളിച്ചു ചോദിച്ചപ്പോള്‍ ഇറങ്ങി വന്ന ആ സ്ത്രീക്ക് എന്നെ കണ്ടത് സന്തോഷത്തേക്കാള്‍ അത്ഭുതം ആണ് ഉണ്ടാക്കിയതെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു .
അവര്‍ എന്റെ കൈപിടിച്ച് " ആപ് കിത്ത്നെ അച്ചെ ഹെ" എന്നൊരു പത്ത് തവണ പറഞ്ഞു കാണും . ഒരു ചായ തരാന്‍ പോലും കഴിയില്ലന്നു തുറന്നു പറഞ്ഞ അവരുടെ കണ്ണില്‍ കണ്ണീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു .

ഞാന്‍ അവര്‍ക്ക് കൊടുക്കാന്‍ കൊണ്ടുവന്ന അധികം വിലയില്ലാത്ത ഒരു സാരിയും മധുര പലഹാരത്തിന്റെ ഒരു പെട്ടിയും അവരുടെ കൈകളില്‍ കൊടുത്തു, ആ മുഖത്തെ തിളക്കം എനിക്ക് മറക്കാന്‍ ആവില്ല .

" ലീലാ ബായി , എനിക്ക് വിദേശത്ത് ജോലി കിട്ടി , ഞാന്‍ നിങ്ങള്‍ ഉണ്ടാക്കിയ ചായയുടെ ബലം കൊണ്ടാണ് എന്റെ ജോലി ശരിക്കും ചെയ്യാന്‍ കഴിഞ്ഞത് , പോവുന്നതിനു മുന്‍പ് എനിക്ക് നിങ്ങളെ ഒന്ന് കാണണം എന്ന് തോന്നി , എന്റെ സ്വന്തം അമ്മയെ നാട്ടില്‍ കാണാന്‍ പോവാന്‍ സമയം ഇല്ല , അത് കൊണ്ട് എന്നെ തലയില്‍ കൈ വെച്ച് അനുഗ്രഹിക്കണം "

ലീലാബായിയുടെ കണ്ണുകള്‍ നനഞ്ഞു വരുന്നത് ഞാന്‍ കണ്ടു . അവര്‍ കൈകള്‍ എന്റെ തലയില്‍ വെച്ച് അനുഗ്രഹിച്ചു . " ആപ് മേരെ ബെട്ടെ ജൈസേ ഹെ , ബില്ല്ക്കുല്‍ "

.യാത്ര പറയാന്‍ ലീലാബായി എന്റെ കൂടെ ബസ്‌ സ്റ്റോപ്പ്‌ വരെ വന്നു യാത്രയാക്കിയപ്പോള്‍ അവരെ ഉപേക്ഷിച്ചു പോയ അവരുടെ മകനെ ഓര്‍ത്തു . ഈ അമ്മ ആ മകനെ എന്തുമാത്രം സ്നേഹിച്ചു കാണും !

ലീലാബായി എന്നെ കെട്ടിപ്പിടിച്ചു "ആപ് കിത്ത്നെ അച്ചെ ഹെ", എന്ന് പറയുമ്പോള്‍ അവരുടെ മാത്രമല്ല എന്റെ കണ്ണും നിറഞ്ഞു
അത് കേള്‍ക്കാന്‍ എന്റെ സ്വന്തം അമ്മ കൂടെ ഉണ്ടായിരുന്നെങ്കില്‍ !
" ഈ ചെറുക്കനെ പറ്റി നാലുപേര്‍ നല്ലവന്‍ എന്ന് പറയുന്നത് കേട്ടിട്ട് വേണം എന്റെ കണ്ണടയാന്‍ " എന്ന് എത്ര തവണ ആണ് എന്റെ സ്വന്തം അമ്മ കണ്ണീരോടെ പറഞ്ഞിട്ടുളത്‌ എന്ന് ഞാന്‍ ഓര്‍ത്തു ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക