
വാഷിംഗ്ടണ്‍ : അമേരിക്കയിലെ ജോര്‍ജിയയില്‍ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്തുവെച്ച് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മുന്‍ സൈനിക ദാരുണമായി കൊല്ലപ്പെട്ടു. 36-കാരിയായ ആലിസണ്‍ ലിന്‍ ആന്‍ഡേഴ്‌സണ്‍ ആണ് മരിച്ചത്. നവംബര്‍ 16-ന് കാര്‍ട്ടേഴ്‌സ്വില്ലെയിലെ ഒരു പറമ്പില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ആലിസണെ പരിശോധിച്ചപ്പോഴാണ് നായ്ക്കളുടെ കടിയേറ്റുള്ള മാരകമായ പരിക്കുകളാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചത്.
മൂന്ന് കുട്ടികളുടെ അമ്മയായ ആലിസണ്‍, തന്റെ മൂത്ത മകള്‍ മൈലി ഗാര്‍ണര്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത അറിയുന്നതിന് മുന്‍പേയാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്. താന്‍ ആദ്യമായി ഒരു മുത്തശ്ശിയാകാന്‍ പോകുന്നു എന്ന വിവരം അമ്മ അറിഞ്ഞിരുന്നില്ലെന്നും, അറിഞ്ഞിരുന്നെങ്കില്‍ ഒരുപാട് സന്തോഷിക്കുമായിരുന്നുവെന്നും 20-കാരിയായ മകള്‍ മൈലി വേദനയോടെ പ്രതികരിച്ചു. നായ്ക്കളെ നിയന്ത്രിക്കാതെ അലക്ഷ്യമായി വിട്ട ഉടമകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അമ്മയ്ക്ക് നീതി ലഭിക്കണമെന്നും മകള്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഉള്‍പ്പെട്ട നിരവധി നായ്ക്കളെ ബാര്‍ട്ടോ കൗണ്ടി അനിമല്‍ കണ്‍ട്രോള്‍ വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2007-ല്‍ യു.എസ് ആര്‍മിയില്‍ ചേര്‍ന്ന ആലിസണ്‍, മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും മുന്നിലുണ്ടായിരുന്ന വ്യക്തിയായിരുന്നുവെന്ന് ബന്ധുക്കളും അയല്‍വാസികളും അനുസ്മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.