Image

കൊച്ചിയില്‍ ഓപ്പറേഷന്‍ നൈറ്റ് ഹണ്ട്; 146 വാഹനങ്ങള്‍ക്ക് ചലാന്‍, 6.10 ലക്ഷം രൂപ പിഴ

Published on 24 November, 2026
 കൊച്ചിയില്‍ ഓപ്പറേഷന്‍ നൈറ്റ് ഹണ്ട്; 146 വാഹനങ്ങള്‍ക്ക് ചലാന്‍, 6.10 ലക്ഷം രൂപ പിഴ

 

കൊച്ചി: നഗരത്തില്‍ രാത്രികാല വാഹന പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ നൈറ്റ് ഹണ്ട് എന്ന പേരില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 വാഹനങ്ങള്‍ക്കെതിരെ ചലാന്‍ ചുമത്തി. 6,10,250 രൂപയാണ് പിഴയായി ഈടാക്കിയത്. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തിന്റെയും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് പരിശോധന.

എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാത്രി എട്ടിന് ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ 5.30 വരെ തുടര്‍ന്നു.

നഗരത്തിലെ വിവിധ പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. രാത്രികാലങ്ങളില്‍ അമിത ശബ്ദമുണ്ടാക്കുന്ന തരത്തില്‍ സൈലന്‍സറുകള്‍ മാറ്റം വരുത്തിയ വാഹനങ്ങള്‍, അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവര്‍ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്.

സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയ 35 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത 40 പേരും, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 12 വാഹനങ്ങളും പരിശോധനയില്‍ പിടിയിലായി.

ട്രിപ്പിള്‍ റൈഡിംഗിന് 15 പേര്‍ക്കെതിരെയും ഇന്‍ഷുറന്‍സ് ഇല്ലാത്ത 12 വാഹനങ്ങള്‍ക്കെതിരെയും ലൈസന്‍സില്ലാതെ വാഹനം ഓടിച്ച 12 പേര്‍ക്കെതിരെയും നടപടിയെടുത്തു. ലൈറ്റുകളില്‍ അനധികൃത മാറ്റം വരുത്തിയ ഏഴ് വാഹനങ്ങളും നമ്പര്‍ പ്ലേറ്റ് മറച്ച ആറ് വാഹനങ്ങളും കൃത്യമായ രജിസ്ട്രേഷന്‍ ഇല്ലാത്ത രണ്ടു വാഹനങ്ങളും കണ്ടെത്തി. മറ്റ് നിയമലംഘനങ്ങള്‍ക്ക് 34 വാഹനങ്ങള്‍ക്കെതിരെയും ചലാന്‍ ചുമത്തി.

അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പഴയ സ്ഥിതിയിലേക്ക് മാറ്റണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. മാറ്റങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്ത ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഹാജരാക്കി പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.

രാത്രികാലങ്ങളില്‍ രൂപമാറ്റം വരുത്തിയ ബൈക്കുകള്‍ പുറപ്പെടുവിക്കുന്ന അമിത ശബ്ദം പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വയോജനങ്ങള്‍ക്കും കൈക്കുഞ്ഞുങ്ങള്‍ക്കും ഉള്‍പ്പെടെ ഇത് ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. പൊതുജനങ്ങളുടെ സുരക്ഷയും സൈ്വര്യജീവിതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക