Image

തിരുപ്പരൻകുണ്ഡ്രത്ത് ദീപത്തൂണിൽ ദീപം തെളിയിച്ചില്ല; പതിവ് സ്ഥാനത്ത് വിളക്ക് കൊളുത്തി

Published on 24 November, 2026
തിരുപ്പരൻകുണ്ഡ്രത്ത് ദീപത്തൂണിൽ ദീപം തെളിയിച്ചില്ല; പതിവ് സ്ഥാനത്ത് വിളക്ക് കൊളുത്തി

മധുര: സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ വലിയ രാഷ്ട്രീയ-നിയമ പോരാട്ടങ്ങൾക്ക് വേദിയായ മധുരയിലെ തിരുപ്പരൻകുണ്ഡ്രം കുന്നിൻ മുകളിലെ വിവാദ ശിലാസ്തംഭത്തിൽ ('ദീപത്തൂൺ') ഇത്തവണയും കാർത്തിക ദീപം തെളിയിച്ചില്ല. പകരം, കുന്നിലെ ഉച്ചി പിള്ളയാർ (ഗണേശ ക്ഷേത്രം) ക്ഷേത്രത്തിന് സമീപമുള്ള പതിവ് 'ദീപ മണ്ഡപത്തിൽ' തന്നെയാണ് ഇന്നു വൈകിട്ട്  ദീപം തെളിയിച്ചത്.

കുന്നിൻ മുകളിലെ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള പുരാതന ശിലാസ്തംഭത്തിൽ ഒരു തവണ ദീപം തെളിയിക്കാൻ നവംബർ 20-ന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഇത് നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും തമിഴ്‌നാട് സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ, ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കനത്ത പൊലീസ് സുരക്ഷയും നിരോധനാജ്ഞയും ഏർപ്പെടുത്തിയ ഭരണകൂടം ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ അനുവദിച്ചില്ല.

ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് മധുരയിലേക്ക് പോകാൻ ശ്രമിച്ച ബി.ജെ.പി നേതാക്കളെയും ഹിന്ദു സംഘടനാ പ്രവർത്തകരെയും തമിഴ്‌നാട് പൊലീസ് സംസ്ഥാനവ്യാപകമായി തടയുകയും കരുതൽ തടങ്കലിലാക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ സംഘർഷം ഉടലെടുത്തു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രവർത്തകർക്കൊപ്പം തിരുപ്പരൻകുണ്ഡ്രത്തേക്ക് തിരിച്ച തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ തിരുനെൽവേലിയിലെ തച്ചനല്ലൂരിന് സമീപം പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്തു. നേരത്തെ ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കാൻ വസതിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ, കാർത്തിക ദീപം ചടങ്ങുകളിൽ പങ്കെടുക്കാൻ മധുരയിലേക്ക് പുറപ്പെട്ട മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ എൽ. മുരുകനെ കോയമ്പത്തൂരിന് സമീപം അന്നൂരിൽ വെച്ച് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക