
എറണാകുളം: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, മേഖലയിലെ മുഴുവൻ പ്ലൈവുഡ് സ്ഥാപനങ്ങളിലും യുദ്ധകാലാടിസ്ഥാനത്തിൽ ക്രഷുകൾ (ശിശുപരിപാലന കേന്ദ്രങ്ങൾ) സ്ഥാപിക്കാൻ തീരുമാനം. മനോജ് മൂത്തേടൻ എംഎൽഎയുടെയും ജില്ലാ കലക്ടർ ജി. പ്രിയങ്കയുടെയും നേതൃത്വത്തിൽ പെരുമ്പാവൂർ താലൂക്ക് ഓഫീസിൽ ചേർന്ന പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും പ്ലൈവുഡ് കമ്പനി ഉടമകളുമായുള്ള സംയുക്ത യോഗത്തിലാണ് തീരുമാനം.
എല്ലാ പ്ലൈവുഡ് കമ്പനികളിലും അടിയന്തരമായി ക്രഷുകൾ ആരംഭിക്കാനും തൊഴിലാളികളുടെ എണ്ണം കുറവുള്ള സ്ഥാപനങ്ങളിൽ സമീപത്തുള്ള മറ്റ് കമ്പനികളുമായി ചേർന്ന് സംയുക്ത ക്രഷുകൾ തുടങ്ങാനും കലക്ടറും എംഎൽഎയും നിർദേശം നൽകി. ക്രഷുകളുടെ ഘടന, പ്രവർത്തന സമയം, രീതികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
ജനുവരി മാസാരംഭത്തോടെ കുന്നത്തുനാട് താലൂക്കിലെ മുഴുവൻ പ്ലൈവുഡ് കമ്പനികളിലും ക്രഷുകൾ പ്രവർത്തനസജ്ജമാകണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. നിയമവിധേയവും മാതൃകാപരവുമായ രീതിയിൽ ക്രഷുകൾ പ്രവർത്തിക്കുന്ന ഇടമായി കുന്നത്തുനാട് താലൂക്കിലെ മുഴുവൻ സ്ഥാപനങ്ങളും മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിഥി തൊഴിലാളികളുടെ ഉൾപ്പെടെയുള്ള കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി കർശനമായ തുടർനടപടികളും യോഗം ആവിഷ്കരിച്ചു. മാതാപിതാക്കളോടൊപ്പം കുട്ടികൾ ഫാക്ടറികളിലേക്ക് വരുന്നതും ജോലിസ്ഥലങ്ങളിൽ തങ്ങുന്നതും കർശനമായി തടയും. ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, പ്ലൈവുഡ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ കുട്ടികളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താൻ സംയുക്ത പരിശോധനകൾ ശക്തിപ്പെടുത്താനും തീരുമാനമായി.
കുട്ടികളുടെ സംരക്ഷണത്തിനായി തൊഴിൽ വകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് (DCPU), ശിശുക്ഷേമ സമിതി (CWC), ആരോഗ്യവകുപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കുട്ടികളുടെ സുരക്ഷ മുൻനിർത്തി അടിയന്തരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പ്രതിരോധ പദ്ധതികൾ നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.