Image

ഇ.വി.എം അട്ടിമറി വെളിപ്പെടുത്തൽ മറച്ചുവെച്ചത് നിയമലംഘനം; കെ.ടി. ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

Published on 25 November, 2026
ഇ.വി.എം അട്ടിമറി വെളിപ്പെടുത്തൽ മറച്ചുവെച്ചത് നിയമലംഘനം; കെ.ടി. ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: വോട്ടിങ് മെഷീൻ (ഇ.വി.എം) അട്ടിമറി ആരോപണത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഫിഖാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്കും പരാതി സമർപ്പിച്ചത്. വോട്ടിങ് മെഷീനിൽ തിരിമറി നടത്താമെന്ന് അവകാശപ്പെട്ട് ഒരാൾ സമീപിച്ചുവെന്ന ജലീലിന്റെ വെളിപ്പെടുത്തൽ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.

​മങ്കടയിൽ മത്സരിച്ച ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കുന്നത്ത് മുഹമ്മദിനെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ഒരു സംഘം സമീപിച്ചുവെന്ന വിവരം, ജനപ്രതിനിധിയായിരുന്ന ജലീൽ ഇത്രയും കാലം മറച്ചുവെച്ചത് നിയമലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന ഗുരുതരമായ പ്രസ്താവനയായതിനാൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും, തെളിവില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതാണെങ്കിൽ ജലീലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വി.പി. ദുൽഫിഖ് ആവശ്യപ്പെട്ടു.

​അതേസമയം, വോട്ട് അട്ടിമറി നടന്നുവെന്നല്ല മറിച്ച് അത്തരത്തിലൊരു തിരിമറിക്ക് സാധ്യതയുണ്ടെന്നാണ് താൻ സൂചിപ്പിച്ചതെന്നാണ് കെ.ടി. ജലീലിന്റെ വിശദീകരണം. കാസർകോട് ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ മുൻപ് നടത്തിയ പ്രസ്താവനയാണ് തനിക്കുള്ളിൽ സംശയമുണ്ടാക്കിയതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്താൽ തന്റെ പക്കലുള്ള വിവരങ്ങൾ മൊഴിയായി നൽകാൻ തയ്യാറാണെന്നും ജലീൽ പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക