
കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ മൂന്നുപേര്‍ പിടിയില്‍. കടവന്ത്ര-എളമക്കര പോലീസ് നടത്തിയ പരിശോധനയില്‍ ആലപ്പുഴ പട്ടണക്കാട് തകരപ്പറമ്പ് വീട്ടില്‍ ടി.എസ്. അഖില്‍ കൃഷ്ണ (30), ഇരിങ്ങാലക്കുട കോണത്തുകുന്ന് ഉണ്ടേക്കടവില്‍ യു.എ. അഫ്സല്‍ (27), കൊല്ലം കല്ലുംതാഴം ആയത്തില്‍ അല്‍ അമീന്‍ കോട്ടേജില്‍ അക്ബര്‍ഷാ (24) എന്നിവരാണ് പിടിയിലായത്.
ലോഡ്ജിന്റെ രണ്ടാംനിലയിലായിരുന്നു അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പോലീസ് പരിശോധനയ്ക്കെത്തുമ്പോള്‍ ഇടപാടുകാരും സ്ത്രീകളുമുള്‍പ്പെടെ 10-ലധികം പേര്‍ ലോഡ്ജിലുണ്ടായിരുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്ഫോമുകളില്‍ പരസ്യം ചെയ്താണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഫോണില്‍ വിളിക്കുന്നവര്‍ക്ക് വാട്സാപ്പിലൂടെയും വിവരങ്ങള്‍ കൈമാറിയിരുന്നതായി പോലീസ് കണ്ടെത്തി. ഈ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യവും ലഹരി ഉപയോഗവും നടക്കുന്നുണ്ടെന്ന് ഡി.സി.പി. അരുണ്‍ പവിത്രന് ലഭിച്ച രഹസ്യവിരത്തെ തുടര്‍ന്നായിരുന്നു പരിശോധന.