Image

ആഭ്യന്തര വകുപ്പ് എന്താണ് ചെയ്യുന്നത്, കോടതിയോട് കളി വേണ്ട, വെറുതെ വിടില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Published on 26 November, 2026
ആഭ്യന്തര വകുപ്പ് എന്താണ് ചെയ്യുന്നത്, കോടതിയോട് കളി വേണ്ട, വെറുതെ വിടില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മുഴുവൻ റിപ്പോർട്ടുകളും സമർപ്പിക്കാത്തതിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. "ഉൾപ്പെട്ടവർ ഉന്നതരാണെങ്കിൽ ഓരോ നടപടിക്കും കോടതി സമ്മർദ്ദം ചെലുത്തേണ്ടതുണ്ടോ? അല്ലെങ്കിൽ ഒരു പങ്കുമില്ലാത്ത പാവപ്പെട്ടവരെ കസ്റ്റഡിയിലെടുക്കും," എന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ വാക്കാൽ നിരീക്ഷിച്ചു. കോടതി ഉത്തരവ് പൂർണ്ണമായി പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥൻ നാളെ നേരിട്ട് ഹാജരായി സത്യവാങ്മൂലം നൽകാനും കോടതി ഉത്തരവിട്ടു

കേസിൽ അന്വേഷണം പൂർത്തിയായ മുഴുവൻ കേസുകളിലും അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുറ്റപത്രം സമർപ്പിക്കാൻ നേരത്തെ രണ്ടാഴ്ചത്തെ സമയവും അനുവദിച്ചിരുന്നു.

വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ, കൊല്ലം പ്രത്യേക കോടതിയിൽ ഒരു അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. എന്നാൽ, എട്ട് റിപ്പോർട്ടുകൾക്ക് പകരം ഒരെണ്ണം മാത്രം സമർപ്പിച്ചത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു.

"ഇത് ശരിയല്ല. നിങ്ങളുടെ റിപ്പോർട്ട് അംഗീകരിക്കാനാവില്ല. കോടതിയോട് കളി വേണ്ട, ഞാൻ വെറുതെ വിടില്ല. വളരെ ഗൗരവകരമായ വിഷയമാണിത്. ആഭ്യന്തര വകുപ്പും വിജിലൻസ് വകുപ്പും എന്താണ് ചെയ്യുന്നത്? എന്താണ് ഇവിടെ നടക്കുന്നത്?" കോടതി വാക്കാൽ രൂക്ഷവിമർശനം ഉന്നയിച്ചു. ബാക്കിയുള്ള ഏഴ് അന്തിമ റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥൻ നാളെ നേരിട്ട് ഹാജരായി സത്യവാങ്മൂലം നൽകണമെന്ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക