Image

വസ്തുതാപരമായ പിശക്, പിൻവലിക്കുന്നു: സ്കൂൾ വെടിവെപ്പ് പ്രസം​ഗത്തിൽ ഖേദം പ്രകടിപ്പിച്ച് ടി എം ശശി എംഎൽഎ

Published on 26 November, 2026
വസ്തുതാപരമായ പിശക്, പിൻവലിക്കുന്നു: സ്കൂൾ വെടിവെപ്പ് പ്രസം​ഗത്തിൽ ഖേദം പ്രകടിപ്പിച്ച് ടി എം ശശി എംഎൽഎ

പാലക്കാട്: പരുതൂർ സ്കൂളിൽ വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവം അബദ്ധത്തിൽ സംഭവിച്ച​തല്ലെന്നും സഹപാഠിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാർഥി സ്കൂളിലെത്തിയതെന്നുമുള്ള വിവാദ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് ആലത്തൂർ എം.എൽ.എയും സി.പി.എം നേതാവുമായ ടി.എം. ശശി. വിവാദ പ്രസ്താവന നിരുപാധികം പിൻവലിക്കുന്നതായും ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. പ്രസംഗത്തിൽ വസ്തുതാപരമായ പിഴവ് സംഭവിച്ചെന്നും അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന വാർത്ത തിരക്കിനിടയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് വിശദീകരണം.

ബുധനാഴ്ച പഴമ്പാലക്കോട് നടന്ന ആലത്തൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് സ്കൂൾ വെടിവെപ്പ് അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും വിദ്യാർഥികൾ തമ്മിലുള്ള പകയാണ് കാരണമെന്നും എം.എൽ.എ പരാമർശിച്ചത്. പുതിയ തലമുറയിൽ വളർന്നുവരുന്ന അക്രമവാസനകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സ്കൂൾ വെടിവെപ്പ് സംഭവം ഉദാഹരണമായി സൂചിപ്പിച്ചതെന്ന് ശശി വിശദീകരിച്ചു. 

വെടിവെപ്പ് നടന്ന ദിവസം വൈകുന്നേരം ചില ചാനലുകളിൽ വന്ന വാർത്തകളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് പ്രസംഗത്തിൽ പരാമർശം നടത്തിയത്. എന്നാൽ, അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് തൊട്ടടുത്ത ദിവസം മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നത് തിരക്കിനിടയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യ ദിവസത്തെ വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ പ്രസംഗിച്ചത് ശരിയായില്ലെന്ന് മനസ്സിലാക്കുന്നുവെന്നും എം.എൽ.എ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക