ഡൊമിനിക്ക് എന്ന മനുഷ്യന്റെ വലിയ മനസ്സ്

സോമരാജന്‍ പണിക്കര്‍ Published on 02 December, 2012
ഡൊമിനിക്ക് എന്ന മനുഷ്യന്റെ വലിയ മനസ്സ്
" താങ്കള്‍ പഠിക്കാന്‍ മോശമായിരുന്നു എന്നും ഒരു മണ്ടന്‍ ആയിരുന്നു എന്നും പലവട്ടം എഴുതിയതുകൊണ്ട് ചോദിക്കുകയാ , പിന്നെയെങ്ങിനെയാ ഇന്നത്തെ ഈ മോശമല്ലാത്ത ജോലിയില്‍ എത്തിയത് ?

"എന്റെ അരീക്കര കുറിപ്പുകള്‍ വായിച്ചിട്ട് പല നല്ല അദ്ധ്യാപക സുഹൃത്തുക്കളും ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരം തന്നെയാകട്ടെ ഇന്നത്തെ കുറിപ്പ് .

മുംബയില്‍ ജോലി ആയി നാലുകൊല്ലത്തോളം ആയപ്പോള്‍ ആയിരുന്നു വിവാഹം , അപ്പോള്‍ ആണ് സാമ്പത്തിക ഞെരുക്കങ്ങള്‍ കാരണം കുറേക്കൂടി മെച്ചപ്പെട്ട ജോലി തേടണം എന്ന് ആഗ്രഹിച്ചതും പത്രത്തില്‍ കാണുന്ന ചില വിദേശ ജോലികള്‍ക്ക് അപേക്ഷ അയച്ചു തുടങ്ങിയതും .ധാരാളം യാത്രകള്‍ നിറഞ്ഞ മുംബയിലെ ജോലി വളരെയേറെ ഇഷ്ടമായിരുന്നു എങ്കിലും കയ്യില്‍ ഒരു പൈസയും മിച്ചം വരുന്നില്ലല്ലോ എന്ന തോന്നലും ഭാര്യയുടെ " നിങ്ങള്‍ക്ക് ഒരു ഫോറിന്‍ ജോലിക്ക് ശ്രമിച്ചു കൂടെ മിസ്ടര്‍ ?" എന്ന കിടിലന്‍ ഉപദേശങ്ങളും എല്ലാം കൂടി ആയപ്പോള്‍ ഒരു വിദേശ ജോലി കിട്ടിയാല്‍ കൊള്ളാം എന്ന് എനിക്കും തോന്നി . അങ്ങിനെ പേപ്പറില്‍ കാണുന്ന ജോലികള്‍ക്ക് അപേക്ഷ അയക്കലും ഇന്റര്‍വ്യൂ വിനു പോകലും ഒരു ഉപതൊഴിലായി കൊണ്ട് നടക്കാന്‍ തുടങ്ങി .

അങ്ങിനെയിരുന്നപ്പോള്‍ തേടിയ വള്ളി കാലില്‍ ചുറ്റി എന്ന മട്ടില്‍ ഫിലിപ്സ് കമ്പനിയുടെ ഒരു ഉദ്യോഗ പരസ്യം കണ്ണില്‍ പെട്ടത് . അന്ന് ലോകത്തെ തന്നെ മുന്തിയ ഒരു കമ്പനി , എം ആര്‍ ഐ രംഗത്തേക്ക് കടക്കാനുള്ള എന്റെ ആഗ്രഹം , മുംബയില്‍ ലഭിക്കുന്നതിന്റെ എത്രയോ ശമ്പളം , ഹോളണ്ടില്‍ പരിശീലനം എന്ന് വേണ്ട മനപ്പായസം കുടിക്കാനുള്ള എല്ലാ വകകളും ആ പരസ്യം കണ്ടതോടെ ഞാന്‍ മെനഞ്ഞെടുത്തു .

എന്റെ ബയോ ഡാറ്റയില്‍ എഴുതാന്‍ കാര്യമായ ഒന്നുമില്ല , അവര്‍ പറയുന്ന ബയോമെഡിക്കല്‍ ഡിഗ്രിയും നാലുകൊല്ലത്തെ പരിചയവും മാത്രം ഉള്‍പ്പെടുത്തി ഒറ്റപ്പെജുള്ള ആ ബയോ ഡാറ്റ യും പാസ്പോര്‍ട്ട് കോപ്പിയും ഫോട്ടോ യും ഒക്കെ ഒരു ഫയല്‍ ആക്കി കൊളാബയില്‍ ഉള്ള ബീം സര്‍വീസ് എന്ന ഒരു കണ്സല്ടന്‍സി ഓഫീസില്‍ എത്തിച്ചു . ഫിലിപ്സ് കമ്പനിയുടെ ആളുകള്‍ ഹോളണ്ടില്‍ നിന്നും വരുമെന്നും ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കാം എന്നും പറഞ്ഞു അവര്‍ എന്നെ അഞ്ചു മിനിട്ടിനകം പാക്ക് ചെയ്തു . എന്റെ കൂടെ പഠിച്ചിരുന്ന പല സഹപാഠികളും ഇതേ പരസ്യം കണ്ടു അപേക്ഷിച്ചിരിക്കുന്നു എന്ന് അന്ന് മനസ്സിലായി . അവരുടെ തടിയന്‍ ഫയലുകള്‍ നോക്കി ഞാന്‍ എന്റെ വിരസവും ശുഷ്കവും ആയ ഫയല്‍ കണ്ടു അധികം പ്രതീക്ഷ വേണ്ട എന്ന് മനസ്സില്‍ കുറിക്കുകയും ചെയ്തു .

അന്ന് ഇന്നത്തെ പോലെ വ്യാപകമായ ഫോണ്‍ സംവിധാനമോ ഇമെയില്‍ ഓ ഒന്നും ഇല്ല . ഇന്റര്‍വ്യൂ ലെറ്റര്‍ ആയോ ടെലിഗ്രാം ആയോ ഒക്കെ ആണ് വരിക . ഞാന്‍ താമസിക്കുന്ന വാടക വീട്ടില്‍ ഫോണും ഇല്ല , അടുത്ത വീട്ടിലെ നമ്പര്‍ ആണ് ബയോഡേറ്റ യിലും മറ്റും ഒരു ഗമക്ക് കൊടുത്തിരിക്കുന്നത് . ഈ ജോലി കിട്ടിയാല്‍ എന്തൊക്കെ ചെയ്യണം എന്ന് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ പലതും മെനെഞ്ഞെടുത്ത് സന്തോഷിക്കുന്ന എന്നെ " നിങ്ങടെ പറച്ചില്‍ കേട്ടാല്‍ തോന്നും നിങ്ങള്‍ മാത്രമാണ് അപേക്ഷ അയച്ചതെന്ന് , ആദ്യം ജോലി കിട്ടട്ടെ , അപ്പൊ ആലോചിക്കാം " എന്ന് പരിഹസിക്കാന്‍ ഭാര്യ ഒട്ടും മറന്നുമില്ല..

മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും യാതൊരു അനക്കവും ഇല്ല , ഞാന്‍ അതൊക്കെ ഏറെക്കുറെ മറന്നു വീണ്ടും പഴയ പോലെ ജോലിപ്പരസ്യങ്ങള്‍ പരതാന്‍ തുടങ്ങി . ഒരു ദിവസം ഓഫീസില്‍ ഇരുന്നപ്പോള്‍ ഇതേ ജോലിക്ക് അപേക്ഷിച്ച മറ്റൊരു കൂട്ടുകാരനെ അവന്റെ ഓഫീസിലേക്ക് വെറുതെ ഫോണ്‍ വിളിച്ചു . ലഞ്ച് സമയം !

" അതിന്റെ ഇന്റര്‍വ്യൂ ഇന്ന് രാവിലെ ആയിരുന്നു എനിക്ക് , ഞാന്‍ ഇപ്പൊ എത്തിയതെ ഉള്ളൂ , എന്ന് അഞ്ചു മണി വരെ ഉണ്ടെന്നു പറഞ്ഞു "

അവന്റെ മറുപടി കേട്ട് ഞാന്‍ ഒരു നിമിഷം തളര്‍ന്നു ഇരുന്നു പോയി, ഈശ്വരാ , എന്തെല്ലാം മോഹങ്ങള്‍ ആയിരുന്നു , എന്തെല്ലാം മനക്കോട്ടകള്‍ കെട്ടി , ഹോളണ്ട് , എം ആര്‍ ഐ , സായിപ്പിന്റെ കമ്പനി , മദാമ്മ !

അടുത്ത നിമിഷം സമനില വീണ്ടെടുത്തു കൊളാബയില്‍ ഉള്ള ഈ ഓഫീസിലേക്ക് ഫോണ്‍ വിളിച്ചു ,
" നിങ്ങള്‍ക്ക് അറിയിപ്പ് അയച്ചിരുന്നല്ലോ , നിങ്ങള്‍ക്ക് സമയം രാവിലെ ഒന്‍പതു മണിക്ക് ആയിരുന്നു "
" സര്‍, ഞാന്‍ വിചാരിച്ചാല്‍ രണ്ടു മണിക്കൂര്‍ കൊണ്ട് ഓഫീസില്‍ എത്താം സാധിക്കും , പ്ലീസ് , എനിക്ക് ഒരു ചാന്‍സ് തരൂ , എനിക്ക് ടെലിഗ്രാം ഒന്നും സത്യമായും കിട്ടിയില്ല "
" ശരി, നിങ്ങള്‍ ഹോള്‍ഡ്‌ ചെയ്യൂ , ഞാന്‍ അവരോടു ചോദിച്ചിട്ട് പറയാം "
ഞാന്‍ സകല ദൈവങ്ങളെയും വിളിച്ചു , ദൈവമേ , അവര്‍ നോ എന്ന് പറയരുതേ !
" മിസ്റ്റര്‍ പണിക്കര്‍ , നിങ്ങള്‍ക്ക് അഞ്ചു മണിക്ക് ഇവിടെ എത്താന്‍ സാധിക്കുമോ ? ഒരു മിനിട്ട് പോലും വൈകാന്‍ പാടില്ല , നിങ്ങളുടെ ഇന്റര്‍വ്യൂ കഴിഞ്ഞാലുടന്‍ അവര്‍ എയര്‍പോര്‍ട്ട് ലേക്ക് പോവണ്ടതാ , ലാസ്റ്റ് ചാന്‍സ് ആണ് "

സന്തോഷം കൊണ്ട് എനിക്ക് തുള്ളിച്ചാടണം എന്നുണ്ട് , പെട്ടന്ന് ആണ് ഓര്‍ത്തത് , ഒരു ഷര്‍ട്ട്‌ വേണം , ടൈ വേണം , എന്റെ കൈയ്യില്‍ ഒറിജിനല്‍ സര്‍ടിഫിക്കറ്റ് ഒന്നും ഇല്ല , ഞാന്‍ ഓഫീസില്‍ എന്നത്തെയും പോലെ ജോലിക്ക് വന്നതല്ലേ , ബോസ്സ് അറിയാന്‍ പാടില്ല താനും ,

ഞാന്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിയെ ക്കാണാന്‍ പോകുന്ന പരവേശത്തോടെ ഓഫീസില്‍ എന്തെക്കെയോ പറഞ്ഞു പുറത്തിറങ്ങി . അടുത്ത് കണ്ട തുണിക്കടയില്‍ കയറി പുതിയ ഷര്‍ട്ടും ഒരു ടൈ യും വാങ്ങി ചര്ച്ഗേറ്റ് ലോക്കല്‍ ട്രെയിന്‍ പിടിച്ചു പാഞ്ഞു . സ്റ്റേഷന്‍ നിന്നും ടാക്സി പിടിച്ചു കൊളാബയില്‍ എത്തിയപ്പോള്‍ മണി നാല് മുപ്പതു . പല തരം ക്യാബിനുകളില്‍ പലതരം ജോലികള്‍ക്കായി ഇന്റര്‍വ്യൂ നടക്കുന്നു . ഇതേ ഇന്റര്‍വ്യൂ കഴിഞ്ഞ എന്റെ ചില സഹപാഠികളെ വീണ്ടും കണ്ടു കുശലം പറഞ്ഞു . അവസാനം അഞ്ചു മണിയോടെ എന്റെ ഊഴം വന്നു, പരിഭ്രമം കൊണ്ടും പരവേശം കൊണ്ടും ഞാന്‍ പഠിച്ച വിഷയങ്ങള്‍ പോലും മറന്നു പോയോ എന്നുപോലും തോന്നി .

" മെയ്‌ ഐ കമിന്‍ സര്‍ "
" യെസ് മി . പണിക്കര്‍ , ഞാന്‍ ഡൊമിനിക്ക് അബെലി, ഡച്ച് കമ്പനിയായ ഫിലിപ്സ് ന്റെ ബെല്‍ജിയം കാരനായ സര്‍വീസ് മാനേജര്‍ , ഗള്‍ഫ്‌ രാജ്യങ്ങള്‍ നോക്കുന്നു"
" നിങ്ങള്‍ എത്ര വര്‍ഷം ആയി ജോലിക്ക് കയറിയിട്ട് ?"
" നാല് വര്‍ഷം സര്‍ "
" നിങ്ങള്‍ക്ക് മിലിട്ടറിയില്‍ ആയിരുന്നോ പണി "
" അല്ല സര്‍, എന്റെ അച്ഛന്‍ പക്ഷെ മിലിട്ടറി ആയിരുന്നു "
" ഞങളുടെ രാജ്യത്ത് മിലിട്ടറിയില്‍ മാത്രമേ സര്‍ എന്ന് വിളിക്കുള്ളൂ , സ്വന്തം അച്ചനെപ്പോലും ഞങ്ങള്‍ പേരാണ് വിളിക്കുന്നത്‌ , നിങ്ങളെ ഞാന്‍ സോം എന്ന് തന്നെ വിളിക്കാം "
അടുത്ത കുറെ ചോദ്യങ്ങളില്‍ നിന്നും ആള്‍ ഒരു രസികന്‍ ആണ് എന്ന് എനിക്ക് മനസിലായി , എത്ര ശ്രമിച്ചിട്ടും എന്റെ സര്‍ വിളി ഒട്ടു നിന്നതും ഇല്ല .

അദേഹം ചോദിച്ച പല ചോദ്യങ്ങള്‍ക്കും തൃപ്തികരം ആയ ഉത്തരം നല്‍കിയോ എന്ന് എനിക്ക് സംശയം ഉണ്ട് . ഇന്ത്യയെപ്പറ്റിയും ഗാന്ധിജിയെ പറ്റിയും കേരളത്തെപ്പറ്റിയും സീ റ്റി സ്കാന്നര്‍ നെപ്പറ്റിയും ഒക്കെ പല ചോദ്യങ്ങളും ചോദിച്ചു . ഇന്ത്യപ്പറ്റി ചോദിച്ച പരിഹാസം നിറഞ്ഞ ചില ചോദ്യങ്ങള്‍ എന്നെ ശരിക്കും അസ്വസ്ഥാനാക്കുക തന്നെ ചെയ്തു . ഞാന്‍ പറഞ്ഞ മറുപടികള്‍ അദ്ദേഹത്തെയും .നര്‍മം വിതറി മര്‍മം അറിഞ്ഞു ചോദിച്ച ചോദ്യങ്ങള്‍ എന്നെ പലപ്പോഴും നാണം കെടുത്തുകയും ചെയ്തു .

" സോം , നിങ്ങള്‍ വിവാഹിതന്‍ ആണോ ?"
" അതെ സര്‍, ആറു മാസം ആയി "
" നിങ്ങള്‍ക്ക് മറ്റു സ്ത്രീകളെ കേട്ടിപ്പിടിക്കുന്നതിനോ ഉമ്മ വെക്കുന്നതിനോ വിഷമം ഉണ്ടോ ?"
" സര്‍, ഞാന്‍ ആ ടൈപ്പ് അല്ല ...."
" ഏത് ടൈപ്പ് അല്ല എന്ന് .. അപ്പൊ നിങ്ങള്‍ ഒരു തട്ടിപ്പ് കാരന്‍ കൂടി ആണ് അല്ലെ ?."
" സോം , നിങ്ങളുടെ രാജ്യം നിങ്ങളുടെ നിയമവും ആചാരങ്ങളും അനുസരിക്കുന്നു , ഹോളണ്ടില്‍ വന്നാല്‍ അവിടുത്തെ രീതി കെട്ടിപ്പിടിച്ചും കവിളില്‍ ഉമ്മവെച്ചും സ്ത്രീകളെ സ്വീകരിക്കുക എന്നതാണ് , അതിനു നിങ്ങള്‍ തയ്യാറാണോ എന്നാണു ചോദ്യം "
" സര്‍ , അങ്ങിനെയൊക്കെ പറഞ്ഞാല്‍ ..."
" ഓ , നിങ്ങളുടെ ഭാര്യ എന്ത് വിചാരിക്കും എന്ന് , അല്ലെങ്കില്‍ കുഴപ്പം ഇല്ലെന്നു ഹ ഹ "

" ഒക്കെ സോം , ഞാന്‍ ഇനി ചെന്നൈയും ഡല്‍ഹിയും കൂടെ പോവുന്നു , അത് കഴിഞ്ഞു മാത്രമേ നിങ്ങളുടെ റാങ്ക് എന്താണ് എന്ന് പറയാന്‍ സാധിക്കൂ , ഞങ്ങള്‍ അന്പതു പേരെ ഇന്റര്‍വ്യൂ ചെയ്യും , രണ്ടു പേരെ ആണ് ഞങ്ങള്‍ക്ക് ആവശ്യം, ഭാഗ്യമുണ്ടെങ്കില്‍ ഹോളണ്ടിലോ സൌദിയിലോ വെച്ച് കാണാം "

അമ്പതു പേര്‍ , രണ്ടു ഒഴിവുകള്‍ അത് കേട്ടപ്പോഴേ ഞാന്‍ എന്റെ പ്രതീക്ഷകളും മനപ്പായസം ഉണ്ണലും ഒക്കെ നിര്‍ത്തി പഴയ പണിയില്‍ ശ്രദ്ധ വെച്ച് മുന്നോട്ടു നീങ്ങി . സാരമില്ല , ഇനിയും എന്തെങ്കിലും ഇതുപോലെ വരുമായിരിക്കും . എന്നാലും ഈ ഡൊമിനിക്ക് എനിക്ക് വളരെ ഇഷ്ടപ്പെട്ടു , ആള്‍ ഒരു രസികന്‍ തന്നെ . ആദ്യം വളരെ പരിഭ്രമത്തോടെ ഇന്റര്‍വ്യൂ മുറിയില്‍ കയറിയ എന്നെ എത്ര രസികന്‍ ചോദ്യങ്ങള്‍ ചോദിച്ചു രസിപ്പിച്ചത്‌ . ഇനി ഇയ്യാള്‍ പറയുന്നതുപോലെ ഹോളണ്ടില്‍ എത്തിയാല്‍ കവിളില്‍ ഉമ്മ വെച്ച് സ്വീകരിക്കുന്ന പെണ്ണുങ്ങള്‍ ഫിലിപ്സ് കമ്പനിയില്‍ ഉണ്ടാവുമോ എന്തോ ? അതോ കരണക്കുറ്റി നോക്കി ഒരെണ്ണം തരികയാണോ ? ഞാന്‍ അറിയാതെ എന്റെ കവിള്‍ ഒന്ന് തടവിപ്പോയി .

ഒരു മാസത്തിനു ശേഷം എന്റെ ഓഫീസില്‍ എനിക്ക് വന്ന ഒരു ഫോണ്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി .
" മി. പണിക്കര്‍ , നിങ്ങളുടെ കോണ്ട്രാക്റ്റ് വന്നിട്ടുണ്ട് , സൗദി വിസയും എത്തി , നിങ്ങള്‍ ഒരു മാസത്തിനകം പുതിയ ജോലിക്ക് ഹാജരാകണം "

അത് എന്റെ ജീവിതത്തിലെ പുതിയ ഒരു വഴിത്തിരിവ് ആയിരുന്നു . തല തിരിഞ്ഞ ചെറുക്കന്‍ എന്ന് അമ്മ ഇപ്പോഴും പറയുന്ന എനിക്ക് ദൈവം കയ്യില്‍ കൊണ്ട് വന്നു കൊണ്ട് വന്നു തന്ന ഒരു തിരിച്ചറിവ് . എന്റെ കണ്ടക ശനി മാറുകയാണെന്ന് ഞാന്‍ ആദ്യമായി വിശ്വസിച്ചു തുടങ്ങി .

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും ആയി റിയാദില്‍ വിമാനം ഇറങ്ങിയ എനിക്ക് ഡൊമിനിക്ക് എന്ന ദൈവ ദൂതന്‍ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കാന്‍ സദാ സന്നദ്ധന്‍ ആയി അദ്ദേഹത്തിന്റെ ഓഫീസില്‍ സ്വീകരിച്ചു .

" മി . പണിക്കര്‍ ഫിലിപ്സ് ലേക്ക് സ്വ്വാഗതം , ഞാന്‍ അന്ന് പറഞ്ഞ കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും നിങ്ങള്‍ക്ക് ഇവിടെയും ധാരാളം ഉണ്ടാകും , ഇവിടെ പക്ഷെ പുരുഷന്മ്മാരെ മാത്രം ! . അതാണ്‌ ഇവിടുത്തെ ആചാരം, അതിനു ഒരിക്കലും മടിക്കരുത് , സ്ത്രീകളെ ഉമ്മ വെക്കുക പോയിട്ട് ഒന്ന് നോക്കുക പോലും അരുത്, നിങ്ങള്‍ നേരെ ജയിലും അവിടെ നിന്ന് നിങ്ങളുടെ രാജ്യത്തേക്കും പോയേക്കും , എന്നെ വിളിക്കാനും പറ്റില്ല "

ഞാന്‍ സൌദിയില്‍ എത്തി രണ്ടു മാസത്തിനകം ഡൊമിനിക്ക് തിരികെ ഹോളണ്ടി ലേക്ക് മടങ്ങി . അദ്ദേഹത്തിനു കൊടുത്ത യാത്ര അയപ്പ് വേളയില്‍ അദ്ദേഹം ഫിലിപ്സ് കമ്പനിയില്‍ ഉള്ള ഇരുപതു ഡച്ച് കാരായ എഞ്ചിനീയര്‍ മാരെയും ആദ്യമായി ജോലിക്കെത്തിയ ഞങ്ങള്‍ രണ്ടു ഇന്ത്യക്കാരെയും പ്രത്യേകം പത്യേകം എടുത്തു പറഞ്ഞു .

അദ്ദേഹം എന്റെ പേരെടുത്തു പറഞ്ഞ വാചകം ഞാന്‍ എന്റെ ജീവിതം മുഴുവന്‍ ഓര്‍ത്തിരിക്കും

" സോം എന്റെ ഇന്റര്‍വ്യൂ മുറിയില്‍ ആദ്യം കടന്നു വന്നപ്പോള്‍ ഇയാള്‍ ഒരിക്കലും ഈ ജോലിക്ക് പറ്റിയതല്ല എന്ന് എനിക്ക് തോന്നി . അയാളുടെ മാര്‍ക്ക് കളോ യോഗ്യതയോ പരിചയമോ എന്നെ ആകര്‍ഷിച്ചുമില്ല. എനിക്ക് അയാളുടെ മനോഭാവം ആണ് ഇഷ്ടപ്പെട്ടത് . അതാണ്‌ നമ്മുടെ എഞ്ചിനീയര്‍ മാര്‍ക്ക് വേണ്ടതും . നിങ്ങള്‍ എത്ര ബുദ്ധിശാലിയും ആയിക്കൊള്ളട്ടെ , നിങ്ങള്‍ക്ക് കസ്റ്റമര്‍ നെ സഹായിക്കാനുള്ള മനോഭാവം ഇല്ലെങ്കില്‍ നിങ്ങള്‍ ഈ ജോലിയില്‍ പരാജയപ്പെടും , സോം, നിങ്ങളുടെ ഗാന്ധിജി എന്റെയും ആരാധ്യപുരുഷന്‍ ആണ് , നിങ്ങള്‍ അന്ന് എന്നോട് പറഞ്ഞ ഗാന്ധിജിയുടെ " ജിവിതം തന്നെ സന്ദേശം " എനിക്ക് വളരെ ഇഷ്ടെപ്പെട്ടു . എന്ത് തന്നെ ആയാലും നിങ്ങളെ ഈ ജോലിക്ക് എടുക്കണമെന്ന് അപ്പോള്‍ തന്നെ ഞാന്‍ തീരുമാനിക്കുകയും ചെയ്തു "

ആ വലിയ ഹാളിലെ നിറഞ്ഞ കയ്യടി എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ നിമിഷം ആയി എനിക്ക് തോന്നി .

ഡൊമിനിക്ക് എന്ന ആ വലിയ അത്ഭുത മനുഷ്യന്‍ എന്നോട് കാണിച്ച കൌതുകവും കരുണയും എന്റെ ജീവിതം മാറ്റി മറിച്ചു. എട്ടു വര്‍ഷത്തെ ഫിലിപ്സ് ജീവിതത്തില്‍ ഞാന്‍ കാണാത്ത ഗള്‍ഫ്‌ രാജ്യങ്ങളോ യൂറോപ്പ്യന്‍ രാജ്യങ്ങളോ ഇല്ല . എസ് കെ പോറ്റക്കാട്ടിന്റെ യാത്രാവിവരണങ്ങള്‍ വായിച്ചു വലുതായ ഞാന്‍ പാരീസും ലണ്ടനും ആമ്സ്റെര്‍ഡാമും ഇറ്റലിയും ഒക്കെ കാണാന്‍ കഴിഞ്ഞ സന്തോഷം എങ്ങിനെയാണ് ഞാന്‍ മറച്ചു വെക്കുക . ലോക രാജ്യങ്ങള്‍ മിക്കതും കാണാന്‍ സാധിച്ചത് ഫിലിപ്സ് ദിവസങ്ങളുടെ തുടക്കത്തോടെ ആയിരുന്നു . മറ്റുള്ളവര്‍ എന്നെ അംഗീകരിച്ചു തുടങ്ങി എന്ന് എനിക്ക് തോന്നിയത് ഫിലിപ്സ് പ്രവൃത്തി പരിചയം ഉള്ളത് കൊണ്ടാണ് .

മഹാനായ സര്‍ ഡൊമിനിക്ക് , അങ്ങ് ഇപ്പൊ ഈ ലോകത്ത് എവിടെ ആയിരുന്നാലും ഞാന്‍ അങ്ങയുടെ സുഖത്തിനും സന്തോഷത്തിനു വേണ്ടി എന്നും പ്രാര്‍ഥിക്കും. എന്റെ ജീവിതം ഇങ്ങനെ ആക്കിയെടുത്തതില്‍ താങ്കള്‍ എത്ര വലിയ പങ്കു വഹിച്ചു എന്ന് നന്ദിയോടെ അല്ലാതെ എങ്ങിനെയാണ് ഞാന്‍ ഓര്‍ക്കുക .

കഠിനാധ്വനവും കഴിവും ദൃഡനിശ്ചയവും ബുദ്ധി ശക്തിയും ഒക്കെ കൊണ്ടാണ് ഞാന്‍ ഇങ്ങനെ ആയിത്തീര്‍ന്നു എന്ന് പറഞ്ഞാല്‍ അത് വെറും പൊങ്ങച്ചം മാത്രം ആയിരിക്കും .

അമ്മയുടെ കണ്ണ്നീര്‍ , അച്ഛന്റെ അടി , അരീക്കരയിലെ കുറെ അമ്മമാരുടെയും ശുധാത്മാക്കുളുടെയും സുഹൃത്തുക്കളുടെയും സ്നേഹവും പ്രാര്‍ത്ഥനയും, മി. ഡൊമിനിക്ക് എന്ന മനുഷ്യന്റെ വലിയ മനസ്സ് ഇവയൊക്കെ കൊണ്ട് മാത്രമാണ് ഞാന്‍ ഇങ്ങിനെ ആയിത്തീര്‍ന്നതെന്ന് ഞാന്‍ പറയും .
അതാണ്‌ സത്യം ! അത് മാത്രമാണ് സത്യം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക