മനുഷ്യദൈവങ്ങളും മനുഷ്യ അമ്പലങ്ങളും
ഭാരതഭൂതലം കയ്യടക്കുന്നു. സാധാരണ തമിഴ്നാട്ടിലാണ് മനുഷ്യരെ ആരാധിക്കുന്ന
മനുഷ്യര്‍ അധികമുള്ളത്. അതിപ്പോള്‍ ഭാരതമാകെ
പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കു
ന്നു. പുതുതായ് ഉത്തര്‍പ്രദേശ്
മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ പേരില്‍ ഒരു അമ്പലം (സമാജ് വാദി
ചാലിസ) നിര്‍മ്മിക്കുവാനും അദ്ദേഹത്തെ ദൈവമായി അവിടെ അവരോധിക്കുവാനും സമാജ്
വാദി പാര്‍ട്ടി അണികള്‍ കഠിന പരിശ്രമത്തിലാണ്.
അമ്പലത്തിന്റെ തറക്കല്ലിടല്‍ കഴിഞ്ഞ നവംബര്‍ 22-നു
അതീവരഹസ്യമായ് നടത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വിശ്വസ്തരായ
ചുരുക്കം ചില പാര്‍ട്ടി അണികളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ.
മനപ്പൂര്‍വം മാധ്യമങ്ങളെ ഒഴിവാക്കുകയായിരുന്നുവെന്നു റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഈ വാര്‍ത്തയെക്കുറിച്ചു
ചോദിച്ചിട്ട് അദ്ദേഹമോ അദ്ദേഹത്തിന്‍റെ മകന്‍ അഖിലേഷ് യാദവോ വ്യക്തമായ
മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണുണ്ടായത് . പാര്‍ട്ടി
സെക്രട്ടറിയും സമാജ്‌വാദി പാര്‍ട്ടിയുടെ അലിഗഡില്‍ നിന്നുള്ള നേതാവുമായ
രാജേഷ് സൈനിയ്ക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാന ചുമതലകള്‍.
അമ്പല
നിര്‍മ്മാണത്തിനാവശ്യമായ പണം പാവങ്ങളായ ഗ്രാമീണരില്‍ നിന്നും
പിരിചെടുക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്ത് ലഭിക്കാവുന്നതിലേറ്റവും
മേത്തരമായ നിര്‍മ്മാണ വസ്തുക്കളും അതിശ്രേഷ്ഠരായ പണിക്കാരെയും ഉപയോഗിച്ചു
മാത്രമേ അമ്പലത്തിന്റെയും അതില്‍ പ്രതിഷ്ടിക്കേണ്ട മുലായത്തിന്റെ പ്രതിമയും
നിര്‍മ്മിക്കുകയുള്ളുവെന്നാണ് ഒരു ഔദ്യോഗിക വ്യക്താവില്‍നിന്നും
അറിയുവാന്‍ കഴിഞ്ഞത്. പ്രതിമ നിര്‍മ്മാണത്തിനു ആവശ്യമായ മാര്‍ബിള്‍
രാജസ്ഥാനില്‍ നിന്നുമാണ് കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നത്. അമ്പലത്തിന്റെ മാതൃക വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ശില്‍പ്പികള്‍ രൂപപ്പെടുത്തിയിരുന്നു.
മുലായത്തിന്റെ പ്രതിമ അമ്പലത്തില്‍ പ്രതിഷ്ഠിച്ചു
രാവിലെയും വൈകുന്നേരവും ആരാധന നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന്
വിശ്വസിനീയമായ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹത്തില്‍ കഷ്ടത
അനുഭവിക്കുന്ന ദളിതരോടും പിന്നോക്ക സമുദായക്കാരോടുമുള്ള അദ്ദേഹത്തിന്‍റെ
സ്നേഹത്തിന്റെ സ്മാരകമായാണ് ഈ അമ്പലം നിര്‍മ്മിക്കുവാന്‍ താന്‍
ഉദ്ദേശിക്കുന്നതെന്നും ഇത് തന്റെ മാത്രം ആഗ്രഹാമാണെന്നും സൈനി പറഞ്ഞു.
ഇതിനാവശ്യമായ സ്ഥലം സൈനി കുടുംബക്കാരായ പ്രഹളാദ്, ഓംപ്രകാശ്, ചന്ദ്രപാല്‍,
രാംപ്രസാദ്, ബണ്ടി മുതാലായവര്‍ സംഭാവന നല്‍കിയതാണെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
സമാജ് വാദി പാര്‍ട്ടിയിലെ അലിഗര്‍ ഗ്രൂപ്പ് ഈ
അമ്പലനിര്‍മ്മാണത്തിനു എതിരാണ്. ജീവിച്ചിരിക്കുന്ന സമാജ് വാദി
പാര്‍ട്ടിയുടെ നേതാവിന്റെ പ്രതിമയും അമ്പലവും നിര്‍മ്മിക്കുന്നത് പാര്‍ട്ടി
ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് അവരുടെ വാദം. അവരെ കൂടാതെ പാര്‍ട്ടിയിലെ
പല പ്രമുഖര്‍ക്കും ഇതിനോട് വൈമുഖ്യം ആണുള്ളത്. പാര്‍ട്ടിയുടെ സംസ്ഥാന
നേതാവ് രക്ഷ്പാല്‍ സിംഗിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് അമ്പല നിര്‍മ്മാണം
ഏതാണ്ടിപ്പോള്‍ നിര്‍ത്തിവെച്ച നിലയിലാണ്. എന്നിരുന്നാലും സമാജ് വാദി
പാര്‍ട്ടിയുടെ ഭരണ വാര്‍ഷിക ദിനത്തിനു മുന്‍പേ അമ്പലത്തിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുമെന്നാണ് സൈനി പറയുന്നത്.