Image

വമ്പന്മാരെ സഹായിക്കാന്‍ പാവപ്പെട്ടവരുടെ കഞ്ഞികുടി മുട്ടിക്കണോ? (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 08 December, 2012
വമ്പന്മാരെ സഹായിക്കാന്‍ പാവപ്പെട്ടവരുടെ കഞ്ഞികുടി മുട്ടിക്കണോ? (ഷോളി കുമ്പിളുവേലി)
ഇരുപത് കോടിയോളം ജനങ്ങളുടെ കഞ്ഞികുടി മുട്ടിക്കുവാന്‍ പോകുന്ന, ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള നിയമം ലോകസഭയും രാജ്യസഭയും പാസ്സാക്കി.

ഭാരത്തിലെ ജനങ്ങളെ ഒരിക്കള്‍ കൂടി വിദേശികള്‍ക്ക് ഒറ്റിക്കൊടുത്തതിന്റെ സന്തോഷം, ഒരിക്കലും ചിരിക്കാത്ത മന്‍മോഹന്‍ സിങ്ങിന്റെ മുഖത്തും, ഇറ്റലിയുടെ പ്രിയപുത്രി സോണിയാ ഗാന്ധിയുടെ മുഖത്തും പ്രകടം. ലോകകസഭകളില്‍ 253 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 218 അംഗങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തു.

സമാജ് വാദിയും, ബി.എസ്.പിയും ലോകസഭകളില്‍ “ചെറുകിടക്കാരുള്ള” സ്‌നേഹം കൊണ്ട്, വോട്ടിംഗില്‍ നിന്ന് വിട്ടുനിന്ന് സഹായിച്ചു, എന്നാല്‍ രാജ്യസഭയില്‍ വിട്ടുനിന്നാല്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്നുള്ളതുകൊണ്ട് ബി.എസ്.പി. വോട്ട് ചെയ്തുതന്നെ സഹായിച്ചു. വലിയ പ്രത്യപഹാരങ്ങള്‍ ഈ രണ്ടുപാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസില്‍ നിന്ന് കിട്ടുമെന്നുറപ്പ്. ഇനി മുലായം സിങ്ങിനും, മായാവതിക്കുമൊക്കെ സി.ബി.ഐയെ പേടിക്കാതെ കൊള്ള നടത്താമല്ലോ? അല്ലെങ്കില്‍തന്നെ, കോണ്‍ഗ്രിസിനെ എതിര്‍ക്കുന്നവരുടെ പുറകേ പോകുന്നതു മാത്രമാണല്ലോ സി.ബി.ഐയുടെ ജോലി.

ലോകസഭയില്‍ തീപ്പൊരിപാറിയ ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് അംഗത്തിനും പ്രസംഗിക്കുവാന്‍ അനുവാദം കൊടുത്തില്ല. കാരണം കേരളത്തില്‍ ഈ നിയമം നടക്കുവാന്‍ പോകുന്നില്ല. വല്ലതും 'തടഞ്ഞാല്‍' കൊള്ളാമെന്നുണ്ടെങ്കിലും, ജനങ്ങളുടെ ചീമുട്ടയേറ് പേടിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരളത്തില്‍ വാള്‍മാര്‍ട്ടിനെ കാലുകുത്താന്‍ അനുവദിക്കില്ലാ എന്‌ന് ആണയിടുന്നു. ലോകസഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കണമെന്ന് എഴുതികൊടുത്ത കേരളആ കോണ്‍ഗ്രസ് പ്രതിനിധി ജോസ്.കെ.മാണിക്കും അവസരം കൊടുത്തില്ല. കാരണം കേരളാ കോണ്‍ഗ്രസ് വിദേശ കുത്തകകളുടെ നിക്ഷേപത്തെ അനുകൂലിക്കുന്നില്ല. അതിലുപരി കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും കേരളാ കോണ്‍ഗ്രസ് കരുതുന്നു.

നാട്ടിലെ പാതയോരങ്ങളില്‍ രണ്ട് ചാക്ക് അരിയുമായി ഇരിക്കുന്ന പലചരക്ക് കടക്കാരനും, ബുക്കും, പെന്‍സിലും വില്‍ക്കുന്ന സ്റ്റേഷനറി കച്ചവടക്കാരുമൊന്നും വലിയ ബിസിനസുകാരോ, ധനികരോ അല്ല. മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടാതെ ജീവിക്കുവാന്‍ ഒരു ചെറിയ തൊഴിലു ചെയ്യുന്നു. അതില്‍ നിന്നു കിട്ടുന്ന തുച്ഛമായ ലാഭംകൊണ്ട്, തട്ടിമുട്ടി വീട്ടിലെ കാര്യങ്ങളും, കുട്ടികളുടെ വിദ്യാഭ്യാസവും ഒരു പക്ഷേ നടക്കുമായിരിക്കും.


വാള്‍മാര്‍ട്ടും, കോസ്‌കോയും ഒക്കെ നമ്മുടെ നാട്ടില്‍ കച്ചവടത്തിനിറങ്ങി പുറപ്പെട്ടാല്‍, പൂട്ടിപ്പോകുന്നത് ചെറുകിട കച്ചവടക്കാരും, അവരെ ആശ്രയിച്ചു ജീവിക്കുന്ന 20 കോടിയോളം വരുന്ന ജനങ്ങളുടെ ജീവിതമാണ്. കര്‍ഷക ആത്മഹത്യ മാത്രം കേട്ടിട്ടുള്ള നമ്മള്‍, കൂട്ടമായുള്ള കച്ചവടക്കാരുടെ ആത്മഹത്യ കൂടി ചേര്‍ക്കേണ്ടിവരും. ആദ്യമൊക്കെ വമ്പന്‍ന്മാരില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ ലാഭമായി തോന്നാം. അവരോട് മത്സരിച്ചു ജയിക്കാന്‍ സാധിക്കാത്ത പാവപ്പെട്ട ചെറുകിടക്കാര്‍ പെട്ടെന്ന് അടച്ചുപൂട്ടും. അപ്പോള്‍ വില വര്‍ദ്ധിപ്പിച്ച് വാള്‍മാര്‍ട്ടൊക്കെ ഇരട്ടിലാഭമുണ്ടാക്കും.

മരുന്ന് ഉത്പാദന കമ്പനികളുടെ കാര്യത്തിലും ഇതാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഭാരതത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സില്‍ വിദേശ നിക്ഷേപം അനുവദിക്കരുതെന്ന് ഇടതുപക്ഷവും, പ്രതിപക്ഷവും ഒക്കെ ആവശ്യപ്പെട്ടതാണ്. അന്ന് പ്രധാനമന്ത്രി പറഞ്ഞത്, വിദേശനിക്ഷേപം വരുമ്പോള്‍ നാട്ടിലെ മരുന്നിന്റെ വിലയും കുറയുമെന്നാണ്. പാവം ജനം കോണ്‍ഗ്രസിനെ വിശ്വസിച്ചു. എന്നാല്‍ ഫലത്തിലോ? ഇന്‍ഡ്യയിലെ ഒട്ടുമിക്ക നല്ല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും വിദേശ കമ്പനികള്‍ മോഹവിലകൊടുത്ത് വാങ്ങുകയാണ് ഫലത്തില്‍, ഇന്‍ഡ്യയുടെ 'സിപ്ലാ' കമ്പനിയില്‍ നിന്നും പതിനായിരം രൂപയുടെ മരുന്ന് മാസത്തില്‍ വാങ്ങിയിരുന്ന കാന്‍സര്‍രോഗി, അതേ മരുന്ന് മറ്റൊരു പേരില്‍ ജര്‍മ്മന്‍ കമ്പനിയില്‍ നിന്ന് വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപയാകും. ഇതാണ് ഇപ്പോഴത്തെ മരുന്ന് വ്യാപാരമേഖലയിലെ അവസ്ഥ.

ആര്‍ക്കുവേണ്ടിയാണ് ഈ സര്‍ക്കാര്‍ നിലകൊള്ളുന്നത്. പാവപ്പെട്ടവന്റെ കണ്ണുനീര് കാണുവാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസിനാകുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിനു വില അല്പം ഉയരുമ്പോള്‍, അംബാനിയുടെ നഷ്ടം നികത്താനെന്നപ്പേരില്‍, പെട്രോളിന്റെ വിലകൂട്ടി കൂട്ടി പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുന്ന കേന്ദ്രം, അംബാനിമാരോട് കാണിക്കുന്ന 'അനുകമ്പ'യുടെ ആയിരത്തിലൊരു അംശമെങ്കിലും മറ്റുള്ളവരോടും കണിക്കേണ്ടേ?. വോട്ട് ചെയ്തുപോയി എന്നതിന്റെ പേരില്‍ ഞങ്ങളെ ഇങ്ങനെ ശിക്ഷിക്കണോ? ഇനിയും വോട്ട് തെണ്ടിക്കൊണ്ട് വരും, അന്ന് ഒരു അംബാനിയുടേയും വാള്‍മാര്‍ട്ടിന്റേയും പൂത്ത നോട്ടുകെട്ടിനു നിങ്ങളെ രക്ഷിക്കാനാകില്ല.

അടിക്കുറിപ്പ് : ശ്രീ. എ.കെ. ആന്റണി, താങ്കള്‍ കപട ആദര്‍ശത്തിന്റെ മൗനം വെടിഞ്ഞ്, ഈ കാണിക്കുന്നതൊക്കെ, ശരിയാണോ എന്ന് വാ തുറന്നൊന്ന് പറയുമോ? അധികാരത്തിനു മുകളില്‍ എന്ത് ആദര്‍ശം!

വമ്പന്മാരെ സഹായിക്കാന്‍ പാവപ്പെട്ടവരുടെ കഞ്ഞികുടി മുട്ടിക്കണോ? (ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക