MediaAppUSA

സൂപ്പര്‍ മെഗാ ചോര്‍

Berly Thomas; http://berlytharangal.com/ Published on 23 January, 2013
സൂപ്പര്‍ മെഗാ ചോര്‍

(LATEST FROM KERALA PAPERS: തിരുവനന്തപുരം: അന്താരാഷ്ട്ര മോഷ്ടാവ് ഡല്‍ഹി സ്വദേശി ദേവീന്ദര്‍ സിങ് എന്ന ബണ്ടി ചോര്‍ ബാംഗ്ലൂരില്‍ പിടിയിലായി. ബാഗ്ലൂര്‍ കൃഷ്ണഗിരിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. പിടികൂടാനുള്ള ശ്രമത്തിനിടെ ഏറ്റുമുട്ടലുണ്ടായെന്നും കര്‍ണാടക പോലീസ് പറഞ്ഞു. ഇയാളെ കൊണ്ടുവരുന്നതിനായി കേരള പോലീസ് ബാംഗ്ലൂരിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് സിസ്റ്റത്തില്‍ ബണ്ടി ചോറിന്റെ ദൃശ്യം പോലീസ് അപ്‌ലോഡ് ചെയ്തപ്പോള്‍ ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും മറ്റു വിവരങ്ങളും ലഭിച്ചിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍വഴി പുറത്തുവന്നതോടെ ബണ്ടി ചോര്‍ തലസ്ഥാനത്ത് തങ്ങിയിരുന്ന ഹോട്ടല്‍ അധികൃതര്‍ ഇയാളെ തിരിച്ചറിഞ്ഞു. ഇവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ ആദ്യം വിവരം അറിയിച്ചത്. ഇതുപ്രകാരം രാജ്യമാകെ നടത്തിയ അന്വേഷണമാണ് ബണ്ടിയെ കുടുക്കിയത്. വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ മുഖം നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്.
രാജ്യത്ത് 500ല്‍ അധികം കേസുകളില്‍ പ്രതിയായ ഹൈടെക് മോഷ്ടാവായ ഇയാള്‍ 'ആധുനിക റോബിന്‍ ഹുഡ്' എന്നാണ് അറിയപ്പെടുന്നത്.)

ലോക്കല്‍ പോക്കറ്റടിക്കാരും പിടിച്ചുപറിക്കാരും നാണം കെടുത്തിക്കൊണ്ടിരുന്ന മലയാളിക്ക് അഭിമാനിക്കാനും നാലുപേരോടു പറഞ്ഞ് അഹങ്കരിക്കാനും അവന്‍ എത്തി- ബണ്ടി ചോര്‍ !. വെറുമൊരു കള്ളനെന്നു വിളിക്കുന്നത് അദ്ദേഹത്തിനൊരു കുറച്ചിലാവുമോ എന്നു ഭയന്നാവണം മാധ്യമങ്ങള്‍പ്പോലും ഹൈടെക് കള്ളന്‍, സൂപ്പര്‍ കള്ളന്‍ അന്താരാഷ്ട്ര കള്ളന്‍, ആധുനിക റോബിന്‍ഹുഡ് എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ കള്ളനോട് പലര്‍ക്കും വലിയ ആരാധനയാണ്. കള്ളേട്ടാ, കള്ളന്‍ സാര്‍ എന്നൊക്കെ വിളിക്കാന്‍ പറ്റാത്തതിലുള്ള സങ്കടം പലരുടെയും സ്റ്റാറ്റസ് അപ്‍ഡേറ്റുകളില്‍ കാണുന്നുണ്ട്.

അല്ലെങ്കിലും കരിവീട്ടിപോലുള്ള ദേഹത്ത് കരിഓയില്‍ പുരട്ടി കഷ്ടപ്പെട്ട് ഭവനഭേദനം നടത്തി പത്തു പേര്‍ ഉറങ്ങിക്കിടക്കുന്ന വീട്ടില്‍ നിന്നു ഭംഗിയായി മോഷണം നടത്തുന്ന തദ്ദേശീയരായ കള്ളന്‍മാര്‍ക്ക് ഇവിടെ ഒരു പരിഗണനയുമില്ല. അടച്ചിട്ട വീട്ടില്‍ കയറി മോഷണം നടത്തുന്ന വടക്കേ ഇന്ത്യക്കാരന് ഹീറോ പരിവേഷം, വിഐപി പരിഗണന, മൊത്തത്തില്‍ ലൈക്കോടു ലൈക്ക്. ബണ്ടി ചോറാണത്രേ ബണ്ടി ചോര്‍. കുണ്ടിക്കൊന്നു കൊടുത്താല്‍ നാടന്‍ കള്ളന്‍മാരെക്കാള്‍ വേഗത്തില്‍ ഇവനും ഓടും.

അടിസ്ഥാനപരമായി മറ്റൊരു മലയാളിയെ അംഗീകരിക്കാനുള്ള നമ്മുടെ മടിയാണ് കള്ളന്‍മാരുടെ കാര്യത്തിലും കാണുന്നത്. വടക്കു നിന്നു വന്ന ക്ലീന്‍ ഷേവ് ചെയ്തു കുട്ടപ്പനായ കള്ളനോട് ധീരതയോടെ നയിച്ചോളൂ എന്നു പറയുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. എന്താണ് ദേവീന്ദര്‍ സിങ് എന്ന ഈ കള്ളന്‍റെ മേല്‍ ആരോപിക്കപ്പെടുന്ന ഹീറോയിസം എന്നത് എനിക്കു മനസ്സിലാവുന്നില്ല. മോഷണം നടന്ന വീട്ടില്‍ അത്യാധുനിക സംവിധാനങ്ങളുണ്ടായിരുന്നു എന്നതുകൊണ്ട് അതിനെ മറികടന്നു മോഷണം നടത്തിയ ബണ്ടി ആ സാങ്കേതികവിദ്യകളുടെയെല്ലാം പിതാവാണെന്ന മട്ടിലാണ് വാര്‍ത്തകള്‍.

സത്യത്തില്‍ ബണ്ടിയുടെ മിടുക്കിനെക്കാള്‍ വീട്ടുടമസ്ഥന്‍മാരെ പറ്റിക്കാന്‍ തട്ടിപ്പു കമ്പനികള്‍ പടച്ചുവിടുന്ന സെക്യൂരിറ്റി ഉഡായ്പുകളെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ആ ചേട്ടന്‍ തന്നെ വീട്ടില്‍ എന്തൊക്കെ സംവിധാനങ്ങളാണ് വച്ചിരുന്നത്. നിലവില്‍ മാര്‍ക്കറ്റിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ എല്ലാം തന്നെ ആ വീട്ടിലുണ്ടായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. അപായ സൈറണ്‍, റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ്, നീരീക്ഷണ കാമറകൾ എന്നിവയുള്ള വീട്ടിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് തകര്‍ത്താണ് ബണ്ടി മോഷണം നടത്തിയത് എന്നാണ് പത്രത്തിലുള്ളത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പുഷ്പം പോലെ എടുത്തുമാറ്റാവുന്ന തരത്തിലായിരുന്നത്രേ. കാറിൽ ജി.പി.എസ് സംവിധാനമുണ്ടായിരുന്നെങ്കിലും ജി.പി.എസ് സംവിധാനവുമായി ബന്ധമുള്ള മൊബൈൽ ഫോൺ കാറിനുള്ളിലായിരുന്നു. ഹൈടെക് സെക്യൂരിറ്റി സംവിധാനങ്ങള്‍ ഫിറ്റ് ചെയ്തതുകൊണ്ട് മാത്രമായില്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.

പിന്നെ ബണ്ടിച്ചേട്ടന്‍ ഇതിനെയെല്ലാം ബൈപൈസ് ചെയ്തൊന്നുമല്ല മോഷണം നടത്തിട്ടുള്ളത്. മണ്ടച്ചാര് സിസിടിവി ക്യാമറയിലേക്ക് നോക്കുന്ന ചിത്രം വച്ചാണ് പൊലീസ് ടിയാനെ തിരിച്ചറിഞ്ഞത്. സിസിടിവി ക്യാമറയിലേക്കു തുറിച്ചു നോക്കുന്ന കള്ളനെ ഹൈടെക് കള്ളനെന്നു വിളിക്കുന്നതിന്‍റെ യുക്തി എനിക്കു മനസ്സിലാവുന്നില്ല. അത് ബണ്ടിയുടെ ധീരതയുടെ അടയാളമാണെന്നാണ് ഒരു പത്രത്തില്‍ കണ്ടത്. ലോഡ്ജില്‍ മുറിയെടുത്തതും സ്വന്തം പേരിലാണ് എന്നത് അദ്ദേഹത്തിന്‍റെ മാന്യതയുടെയും വിശ്വാസ്യതയുടെയും ലക്ഷണമാണത്രേ. എന്താണോ എന്തോ !

എന്തൊക്കെ പറഞ്ഞാലും അരക്കോടി രൂപയുടെ മോഷണം നടത്തിയ ബണ്ടിയെ ചില്ലറക്കാരനായി കാണേണ്ടതില്ല എന്നും അഭിപ്രായമുണ്ട്. പാവം ബണ്ടി നാലോ അഞ്ചോ സാധനങ്ങളേ എടുത്തിട്ടുള്ളൂ. ഒരു കാറ്, ഒരു ലാപ്ടോപ്, രണ്ടു മൊബൈല്‍, അര പവന്‍റെ മോതിരം, 2000 രൂപ. സാധാരണക്കാരന്‍റെ വീട്ടില്‍ നിന്ന് ഇത്രയും മോഷ്ടിച്ചാല്‍ ഏതാണ്ട് 5 ലക്ഷം രൂപയില്‍ നില്‍ക്കും. ആ ചേട്ടന്‍റെ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ക്കെല്ലാം മുടിഞ്ഞ വിലയായിരുന്നു എന്നതുകൊണ്ട് മൂല്യം 50 ലക്ഷത്തിലെത്തി. അനേകം അനേകം കോടികള്‍ ഖജനാവില്‍ നിന്നും വിഴുങ്ങുന്ന ലോടെക് കള്ളന്‍മാര്‍ നാടു ഭരിക്കുമ്പോള്‍ ഈ ബണ്ടിയൊക്കെ എന്ത് !
സൂപ്പര്‍ മെഗാ ചോര്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക