Image

ചെന്നിത്തല വിവാദം: മലയെ പ്രസവിക്കുന്ന എലികള്‍ - ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 29 January, 2013
ചെന്നിത്തല വിവാദം: മലയെ പ്രസവിക്കുന്ന എലികള്‍ - ഷോളി കുമ്പിളുവേലി
കേരളം ഒരു ഭ്രാന്താലയമാണെന്ന് നൂറ്റി ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്, അന്ന് കേരളത്തിലുണ്ടായിരുന്ന ജാതിയുടേയും മതത്തിന്റേയും പേരിലുള്ള തൊട്ടുകൂടായ്മകളും, ഭ്രാന്തന്‍ മത സമീപനങ്ങളും കണ്ടിട്ടാണ്. കഴിഞ്ഞ നൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കൊണ്ട് കേരളം, ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കു മാതൃകയാകും വിധം എല്ലാ തലത്തിലും വളര്‍ന്നിരിക്കുന്നു. പക്ഷേ ഇന്നും തെളിഞ്ഞും മറഞ്ഞും ഭരണത്തെ നിയന്ത്രിക്കുന്നതിലും, അതിന്റെ അനാവശ്യ സ്വാധീനം ചെലുത്തുന്നതിലും ജാതി-മത ശക്തികള്‍ മത്സരിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ തിരുവന്തപുരത്തെ പ്രസംഗം.

ഒരു ജനാധിപത്യ രാജ്യത്തു, സമുദായ നേതാവെന്ന നിലയില്‍, അല്ലെങ്കില്‍ ഒരു പൗരന്‍ എന്ന നിലയിലൊ, ഭരണത്തെ വിമര്‍ശിക്കാനും, ഉപദേശിക്കുവാനുമുള്ള അവകാശം അംഗീകരിച്ചുകൊടുത്താല്‍ പോലും, താന്‍ പറയുന്ന ആളെ, പറയുന്ന സ്ഥാനത്തു വാഴിച്ചില്ലെങ്കില്‍, എല്ലാത്തിനേയും വലിച്ചു താഴെയിടുമെന്നൊക്കെയുള്ള ഗര്‍ജ്ജനങ്ങള്‍ അംഗീകരിച്ചു കൊടുക്കുവാന്‍ സാധിക്കില്ല.

സുകുമാരന്‍ നായരുടെ ആക്രോശത്തിലൂടെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കാള്‍ ചെറുതായത് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളേയും പ്രതിനിധീകരിക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനെ, കേവലം ഒരു മന്ത്രിയാക്കാന്‍, ഒരു സാമുദായിക നേതാവ് മുറവിളി കൂട്ടുമ്പോള്‍ നഷ്ടപ്പെടുന്നത് രമേശ് ചെന്നിത്തലയുടെ നിഷ്പക്ഷതയുടെ മുഖമാണ്; അതിലൂടെ അടയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയും വരും കാലത്ത്, രാഷ്ട്രീയത്തിലും, ഭരണത്തിലും വളരെ ഉന്നതികളില്‍ എത്തേണ്ട വ്യക്തിയാണ് രമേശ് ചെന്നിത്തല.

എന്നെ അത്ഭുതപ്പെടുന്നത്, ഇത്രയൊക്കെ ആയിട്ടും, തന്നെ മന്ത്രിയാക്കാന്‍ ഒരു സമുദായ നേതാവും ഇടപെടേണ്ട, അത് പാര്‍ട്ടി നോക്കിക്കൊള്ളും എന്ന് നെഞ്ചുവിരിച്ചൊന്ന് പറയുവാന്‍, അതിലൂടെ ലക്ഷക്കണക്കിനു കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കുവാന്‍, എന്തുകൊണ്ട് രമേശ് ചെന്നിത്തല തയ്യാറാകുന്നില്ല? കുറ്റം രാഷ്ട്രീയ പാര്‍ട്ടികളുടെ തന്നെയാണ്.

ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞാലുടന്‍, മുന്നണി വ്യത്യാസമില്ലാതെ, ചങ്ങനാശ്ശേരി ബിഷപ്പ് ഹൗസില്‍ ചെന്ന്, പിതാവിന്റെ മോതിരം ചുംബിച്ച്, പെരുന്നയിലെത്തി സുകുമാരന്‍ നായരുടെ അനുഗ്രഹവും വാങ്ങി, നേരെ കണച്ചികുളങ്ങരയില്‍ ചെന്ന് സാക്ഷാല്‍ വെള്ളാപ്പള്ളി നടേശന്റെ കാലുതൊട്ടു വന്ദിച്ച്, പിന്നെ പാളയം ഇമാമിന്റേയും, പാണക്കാട്ട് തങ്ങളുടെയും കൈമുത്തി അനുഗ്രഹം വാങ്ങാന്‍ മത്സരിച്ചോടുന്ന രാഷ്ട്രീയ നേതാക്കളാണ് ശരിക്കും കുറ്റക്കാര്‍.

ജാതി രാഷ്ട്രീയം താരതമ്യേന കുറവുള്ള സംസ്ഥാനമാണ് കേരളം. ഉമ്മന്‍ചാണ്ടിയെയോ, രമേശ് ചെന്നിത്തലയൊ ഏതെങ്കിലും മതത്തിന്റെ മാത്രം ഭാഗമായി ആരും കാണുന്നില്ല. ഏതെങ്കിലും മതത്തിന്റെ മാത്രം വോട്ടുകൊണ്ട് കേരളത്തില്‍ ആര്‍ക്കും ജയിക്കാനുമാകില്ല. മലപ്പുറത്ത്, മുസ്ലീം ലീഗിനു പോലും സ്വന്തം സമുദായത്തിന്റെ വോട്ടുകൊണ്ട് ജയിക്കാനാകില്ല എന്നതാണ് സത്യം. പിന്നെന്തിനു ഇവരെയൊക്കെ അനാവശ്യമായി പേടിക്കണം. തീര്‍ച്ചയായും, ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കത്തന്നെ വേണം; അതുപോലെതന്നെ, ലക്ഷ്മണരേഖ ലംഘിക്കുന്നതായി തോന്നിയില്‍, ആരായാലും നിര്‍ത്തേണ്ടടത്തു നിര്‍ത്താനും, രാഷ്ട്രീയ നേതൃത്വത്തിന് കഴിയണം.

അല്ലെങ്കില്‍, ഓരോ നേതാക്കളും അവര്‍ പ്രതിധാനം ചെയ്യുന്ന പാര്‍ട്ടികള്‍ക്ക് പകരം, ജാതിയുടേയും-മതത്തിന്റേയും പേരിലാകും അറിയപ്പെടുക. ഇത് സാംസ്‌കാരിക കേരളത്തിനൊന്നാകെ നാണക്കേടാണ്. നമ്മള്‍ ജീവന്‍ നല്‍കിയും വളര്‍ത്തിക്കൊണ്ടുവന്ന പാരമ്പര്യത്തിന്റേയും, പൈതൃകത്തിന്റേയും അന്ത്യമായിരിക്കും ഇതിലൂടെ ഉണ്ടാകുക.

അതുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടുയും, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും, നട്ടെല്ല് നിവര്‍ത്തി, സുകുമാരന്‍ നായരുടെ മുഖത്തു നോക്കി പറയണം: “കോണ്‍ഗ്രസിന്റെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാമെന്ന്” ഇത്രയും പറയാനുള്ള ആര്‍ജ്ജവമെങ്കിലും നിങ്ങള്‍ കാണിക്കണം.
പക്ഷേ നട്ടെല്ലിന്റെ സ്ഥാനത്തു വാഴപ്പിണ്ടിയാണെങ്കില്‍ എന്തു പറഞ്ഞിട്ടും കാര്യമില്ലല്ലോ?
ചെന്നിത്തല വിവാദം: മലയെ പ്രസവിക്കുന്ന എലികള്‍ - ഷോളി കുമ്പിളുവേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക