MediaAppUSA

പ്രതിഷേധവും ആവിഷ്കാരസ്വാതന്ത്ര്യവും: ബെര്‍ളി തോമസ്

Berly Thomas http://berlytharangal.com/ Published on 30 January, 2013
പ്രതിഷേധവും ആവിഷ്കാരസ്വാതന്ത്ര്യവും: ബെര്‍ളി തോമസ്

പ്രതിഷേധങ്ങളും പ്രതിഷേധക്കാരോടുള്ള പ്രതിഷേധവും ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹവും സര്‍വോപരി ദേശസ്നേഹികളെയും തീവ്രവാദികളെയും തിരിച്ചറിയാനുള്ള അളവുകോലെന്ന സവിശേഷതയും ഒരു സിനിമയ്‍ക്ക് അതിന്‍റെ വിശ്വരൂപം കാണിക്കാനുള്ള സുവര്‍ണാവസരമാണ് നല്‍കിയിരിക്കുന്നത്. വിശ്വരൂപം ഒരു സിനിമ മാത്രമാണ്. അതിനെ എതിര്‍ക്കുന്നതിലൂടെ മുസ്‍ലിംകളുടെ അന്തസ്സ് ഉയരുകയില്ല. അത് പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യം നടമാടുകയുമില്ല. വിശ്വരൂപം കാണുന്നവരുടെ ദേശസ്നേഹം ഉയരുകയോ ആ സിനിമയെ അനുകൂലിക്കുന്നവര്‍ മതേരവാദികളായി മാറുകയോ ഇല്ല.

ടെക്നിക്കലി പെര്‍ഫെക്ഷനോട് അടുത്തു നില്‍ക്കുന്ന, ഒട്ടും പുതുമയില്ലാത്ത പ്രമേയം പ്രത്യേകിച്ചൊരു രാഷ്ട്രീയചായ്‍വില്ലാതെ എല്ലാ വാണിജ്യഘടകങ്ങളും കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുന്ന ഒരു സാധാരണ സിനിമയാണ് വിശ്വരൂപം. ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയങ്ങളിലൊന്നാണ് ഇത് എന്നു പറയുന്നവരും ഈ സിനിമ മുസ്‍ലിംകളെ അധിക്ഷേപിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു എന്നു പറയുന്നവരും തിരുമണ്ടന്‍മാരാണ്. ഈ സിനിമയെ കണ്ണടച്ച് എതിര്‍ക്കുന്നവരും ഇതാണ് സിനിമ എന്നു കണ്ണും പൂട്ടി പറയുന്നവരും സിനിമ കണ്ട ശേഷം തങ്ങളുടെ അബദ്ധം തിരിച്ചറിയുന്നതാണ് നല്ലത് എന്നാണെന്‍റെ അഭിപ്രായം.

തമിഴ്‍നാട്ടിലെയും കര്‍ണാടകത്തിലെയും ആന്ധ്രയിലെയുമൊക്കെ സ്ഥിതി വച്ചു നോക്കുമ്പോള്‍ തീവ്രവാദത്തിന്‍റെ തലസ്ഥാനമെന്നു പലരും വിശേഷിപ്പിക്കുന്ന കേരളം വളരെ ശാന്തവും പുരോഗമനപരവുമായാണ് പ്രതികരിച്ചത്. ചില സംഘടനകള്‍ ഏറ്റെടുത്തു നടത്തിയ ഇവിടുത്തെ പ്രക്ഷോഭങ്ങളും എതിര്‍പ്പുകളും സമുദായകേന്ദ്രീകൃതമായിരുന്നില്ല. ഈ പ്രക്ഷോഭങ്ങള്‍ക്കു പോലും വഴിവച്ചത് കേരളത്തിലെ എന്തെങ്കിലും പ്രത്യേക സാഹചര്യമാണ് എന്നെനിക്കു തോന്നുന്നില്ല. മറിച്ച്, മറ്റു സംസ്ഥാനങ്ങളില്‍ നിരോധിക്കപ്പെട്ട ഒരു സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ്. ഇത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചുകൂടാ എന്ന സന്ദേശം നല്‍കിയത് മതവാദികളല്ല, ചിത്രം നിരോധിച്ച തമിഴ്‍നാട്, കര്‍ണാടക, ആന്ധ്ര സര്‍ക്കാരുകളാണ്.

എന്നാല്‍, ഏറ്റവും ശ്രദ്ധേയമായി തോന്നിയത് സിനിമ പ്രദര്‍ശിപ്പിക്കണം എന്നു നിര്‍ബന്ധം പിടിച്ചുകൊണ്ട് ചില രാഷ്ട്രീയസംഘടനകളും സമാനമായ അവേശത്തോടെ തിയറ്ററുകള്‍ക്കു മുന്നില്‍ പ്രക്ഷോഭങ്ങള്‍ നടത്തിയതാണ്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് പൊതുസമൂഹത്തില്‍ നിന്നുയര്‍ന്നു വന്ന അഭിപ്രായങ്ങളും ജനത്തിന്‍റെ നിലപാടുകളും അവരിലൂടെ പ്രതിഫലിക്കുകയായിരുന്നിരിക്കാം. സിനിമ പ്രദര്‍ശിപ്പിക്കണം എന്നു പറയുന്നവര്‍ സിനിമയെ അനുകൂലിക്കുന്നവരാകണം എന്നില്ല, അവര്‍ ആ സിനിമ കാണണം എന്നുമില്ല. അതൊരു നിലപാടാണ്.

ശ്രീ പിണറായി വിജയന്‍റെ പ്രതികരണവും ഡിവൈഎഫ്ഐയുടെ പ്രതിഷേധവും ആ നിലപാടിന്‍റെ പ്രഖ്യാപനമെന്നതിനപ്പുറം ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കുരിശുയുദ്ധമെന്ന നിലയ്‍ക്കു കൂടി വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് ഇവരുടെ ആത്മാര്‍ത്ഥത പ്രതിസന്ധിയിലാകുന്നത്. ആവിഷ്കാരസ്വാതന്ത്ര്യം എന്നത് എല്ലാത്തരം സിനിമകള്‍ക്കും ബാധകമാണോ ? സിനിമ എന്ന മാധ്യമത്തിനപ്പുറം മറ്റൊന്നിനും ബാധകമല്ലേ ? സഹിഷ്ണുത എന്നത് സമുദായങ്ങളുടെ ഭാഗത്തു നിന്നും മാത്രമേ ആവശ്യപ്പെടേണ്ടതുള്ളോ തുടങ്ങിയ ചോദ്യങ്ങളും പ്രസക്തമാണ്. ടി.പി.ചന്ദ്രശേഖന്‍റെ തലയുള്ള ഓരോ പോസ്റ്ററും ബാനറും ഫ്ലെക്സും അതുയരുന്ന പ്രഭാതങ്ങളില്‍ തന്നെ അരിഞ്ഞു വീഴ്‍ത്തുന്നവര്‍ ആവിഷ്കാരസ്വാതന്ത്ര്യത്തെയോര്‍ത്ത് വേദനിക്കുന്നതില്‍ കൗതുകമുണ്ട്.

സമാനമാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി നിലയുറപ്പിച്ചിരിക്കുന്ന മറ്റു കക്ഷികളും. കോണ്‍ഗ്രസുകാരുടെ സെന്‍സര്‍ഷിപ് ഇല്ലാതെ ഇവിടെ സോണിയാ ഗാന്ധിയെക്കുറിച്ച് ഒരു സിനിമ എടുക്കാന്‍ സാധിക്കുമോ ? അംബാനികളുടെ ജീവിതം ആവിഷ്കരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോ ? സോണിയാ ഗാന്ധിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ റെഡ് സാരിയും ധിരുബായ് അംബാനിയുടെ വളര്‍ച്ചയുടെ കഥ പറയുന്ന പോളിസ്റ്റര്‍ പ്രിന്‍സും മുഹമ്മദലി ജിന്നയെക്കുറിച്ചുള്ള ജസ്വന്ത് സിങ്ങിന്‍റെ പുസ്തകവും നെഹ്റുവിനെയും ഗാന്ധിജിയെയും കുറിച്ചുള്ള നിരവധി പുസ്തകങ്ങളും നിരോധിക്കപ്പെട്ടപ്പോള്‍ ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച് ഇവരാരും ശബ്ദിച്ചിരുന്നില്ല എന്നത് മറന്നുകളയാനാവില്ല. പപ്പിലിയോ ബുദ്ധ എന്ന കൊച്ചുസിനിമയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് എത്ര വിലയുണ്ട് വരുംദിവസങ്ങളില്‍ അറിയാം.

ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യമല്ല, സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് പ്രധാനം. താലിബാനെതിരായതുകൊണ്ട് ദേശസ്നേഹികളായ എല്ലാ മുസ്‍ലിംകളും വിശ്വരൂപം കണ്ട് കയ്യടിക്കണം എന്നു പറയുന്നത് എലൈറ്റ് ക്ലാസ് ഫാസിസമാണ്. ഒരു സിനിമ കാണണോ വേണ്ടയോ കയ്യടിക്കണോ കൂവണോ എന്നതൊക്കെ പ്രേക്ഷകന്‍റെ സ്വാതന്ത്ര്യമാണ്. സിനിമ ആവിഷ്കരിക്കാനുള്ളതുപോലെ തന്നെ അത് തള്ളിക്കളയാനുള്ള സ്വാതന്ത്ര്യവും വിലമതിക്കപ്പെടേണ്ടതുണ്ട്. മതവും ജാതിയും ഏതായാലും സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവരാണ് ഓരോ വ്യക്തിയും. ആളുകളെ അവരുടെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തി അവരുടെ ആവിഷ്കാരസ്വാന്ത്ര്യവും ആസ്വാദനസ്വാതന്ത്ര്യവും നിര്‍ണയിക്കുന്നത് ഒരേപോലെ അപകടകരമാണ്.

വിശ്വരൂപം നല്ല സിനിമയോ ചീത്ത സിനിമയോ ആവാം. അത് ഓരോ പ്രേക്ഷകനും അനുഭവപ്പെടേണ്ടതാണ്. കമല്‍ഹാസന്‍ മുസ്‍ലിംകളോട് ഭയങ്കര സ്നേഹമുള്ള ആളാണോ മതേതരവാദിയാണോ തുടങ്ങിയ കാര്യങ്ങള്‍ ഇത്തരമൊരു കൊമേഴ്സ്യല്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ച ചെയ്യപ്പെടുന്നത് പരിതാപകരമാണ്. എതിര്‍ക്കുമ്പോള്‍ ഏതു കലാരൂപവും ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്. സിനിമ പോലൊരു ജനകീയമാധ്യമത്തില്‍ ഇത്തരം എതിര്‍പ്പുകളാണ് ഏറ്റവും മികച്ച പ്രചാരണായുധങ്ങള്‍. തെന്നിന്ത്യന്‍ സിനിമയുടെ തറവാടായ തമിഴ്‍നാടിനു സാധിക്കാത്തത് നമുക്കു സാധിച്ചു എന്നത് തീര്‍ച്ചയായും അഭിമാനകരമായ കാര്യമാണ്.

;-) വിശ്വരൂപത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണെന്നു തോന്നുന്നു കോഴിക്കോട്ട് റോമന്‍സ് കളിക്കുന്ന ഒരു തിയറ്ററിനു മുന്നില്‍ കത്തോലിക്കാ യുവജനപ്രസ്ഥാനത്തിലെ കോമളമുകുളങ്ങള്‍ അഴിഞ്ഞാടി. പോസ്റ്റര്‍ വലിച്ചു കീറി കത്തിച്ചു മുദ്രാവാക്യം വിളിച്ച് അവര്‍ മടങ്ങിപ്പോയി. ആ കോമഡി സീന്‍ കണ്ട് മലയോരമേഖല കോരിത്തരിച്ചിട്ടുണ്ടാവണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക